പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്‌ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നല്‍കിയത്.
കഴിഞ്ഞയാഴ്‌ച നിരവധി താറാവുകള്‍ നിരണത്തെ താറാവ് വളർത്തല്‍ കേന്ദ്രത്തില്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടർന്നാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആലപ്പുഴയിലെ തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിലാണ് രോഗം കണ്ടെത്തിയിരുന്നു. 70 ദിവസം പ്രായമുള്ള 10,000 താറാവുകളില്‍ 3000 എണ്ണം ചത്തു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളില്‍ പരിശോധന ശക്തമാക്കി.