പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികൾ കോടതിയിൽ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

0

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. അമൽജിത്തിന്‍റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ട് പേരെയും ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *