പ്രോംടേം സ്പീക്കർ സ്ഥാനത്തുനിന്നും കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു; കേന്ദ്രം മറുപടി നൽകണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: പാർലമെന്‍ററി കീഴ്വഴക്കങ്ങളെ മറികടന്ന് ലോക്സഭാ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവുമധികം കാലം അംഗമായിരുന്ന മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതെന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി. പാർലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്‍റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്‍റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂ”-മുഖ്യമന്ത്രി പറഞ്ഞു

ഭർതൃഹരി മഹ്താബിനെയാണ് പ്രോടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു തെരഞ്ഞെടുത്തത്. കോൺഗ്രസ് നേതാവായ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം.ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. 18-ാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭ‍ർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *