ബീഹാർ പിഎസ്‌സി പരീക്ഷയ്ക്കെതിരെ സമരം :പ്രശാന്ത് കിഷോറിനെ അറസ്റ്റു ചെയ്‌തു ( video)
പാറ്റ്ന:ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(ബിപിഎസ്‌സി)നടത്തിയ എഴുപതാമത് കംബൈന്‍ഡ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്ന ജനസൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെ പാറ്റ്ന പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു.
അനുയായികളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ഗാന്ധി മൈതാനത്ത് , പത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നെത്തിയ പൊലീസ് പരീക്ഷാര്‍ത്ഥികള്‍ക്കൊപ്പം സമരം ചെയ്യുകയായിരുന്ന പ്രശാന്ത് കിഷോറിനെ ആംബുലന്‍സിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
സംസ്ഥാനത്തെ തകര്‍ന്ന വിദ്യാഭ്യാസ സംവിധാനത്തിനും അഴിമതി നിറഞ്ഞ പരീക്ഷാ സംവിധാനങ്ങള്‍ക്കുമെതിരെ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു പ്രശാന്ത് കിഷോർ .ആയിരക്കണക്കിന് യുവാക്കള്‍ക്കൊപ്പം പ്രതിഷേധം നടത്തുകയായിരുന്ന കിഷോറിനെ അറസ്റ്റ് ചെയ്‌ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് ജന സൂരജ് പാർട്ടി പ്രവർത്തകർ ആരോപിച്ചു.
പ്രശാന്ത് കിഷോറിനെയും അദ്ദേഹത്തിന്‍റെ അനുയായികളെയും അറസ്റ്റ് ചെയ്‌തെന്ന് പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി.
നിരോധിത മേഖലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത് കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിത മേഖലയായ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള ഗാന്ധി മൈതാനത്ത് പ്രശാന്ത് കിഷോര്‍ നിരാഹാര സമരത്തിലിരുന്നതിന് കേസെടുത്തിട്ടുണ്ട്.