മുഖ്യമന്ത്രിയെ സംരക്ഷിച്ച് സിപിഐ; പിആർ വിവാദം ചർച്ചയാക്കാതെ ബിനോയ് വിശ്വം
തിരുവനന്തപുരം∙ പിആർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് സിപിഐയുടെ സംരക്ഷണം. വിവാദം പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. വി. ചാമുണ്ണിയുടെ ആവശ്യമാണ് ബിനോയ് വിശ്വം നിരാകരിച്ചത്. നിർവാഹക സമിതിയിലെ മറുപടി പ്രസംഗത്തിലും ബിനോയ് വിശ്വം പിആർ വിവാദം പരാമർശിച്ചില്ല. സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തിയാണുള്ളതെന്നാണ് വിവരം.
എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ കടുത്ത ഭിന്നതയെന്നാണ് വിവരം. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ആർഎസ്എസ് സമ്പർക്കങ്ങൾക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത പ്രകാശ് ബാബുവിന്റെ നടപടിയെ നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിശ്വം വിമർശിച്ചിരുന്നു. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പാർട്ടിയുടെ മുഖപത്രത്തിൽ ലേഖനമെഴുതിയത് സംസ്ഥാന സെക്രട്ടറിയോടു പറഞ്ഞതിനു ശേഷമാണെന്ന് പ്രകാശ് ബാബു കമ്മിറ്റിയിൽ പറഞ്ഞു.