യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ് യുവാവിൽ നിന്ന് 7 ലക്ഷം കവർന്നു

0

ഇടുക്കി: യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ സോണിക്കാണ് (46) പണം നഷ്‌ടമായത്. തിങ്കളാഴ്‌ച 3 മണിയോടെയാണ് സോണിക്ക് പണം നഷ്‌ടപ്പെട്ടത്.

സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയത്. കടം വാങ്ങിയ ഏഴുലക്ഷം രൂപയാണ് സോണി ഇവരെ ഏൽപ്പിച്ചത്. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർ കൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ച് നൽകുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വച്ചു.

അതിൽ നിന്ന് രണ്ട് വയർ പ്രതികൾ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് തമിഴ്‌നാട് സ്വദേശികൾ പോയി. സംശയം തോന്നിയ സോണി വൈകിട്ട് എഴിന് ബാഗ് തുറന്നപ്പോൾ, നോട്ടിൻ്റെ വലുപ്പത്തിലുള്ള ഏതാനും കറുത്ത കടലാസുകഷണങ്ങൾ മാത്രമാണ് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചു.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ രണ്ട് ദിവസമായി ചെറുതോണിയിലെ സ്വകാര്യ ലോഡ്‌ജിൽ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുരുകൻ എന്ന് പേരുള്ളയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ഇവർ തിരുനെൽവേലി സ്വദേശികളാണെന്ന് സംശയിക്കുന്നു. സോണിയുടെ പരാതിയെ തുടർന്ന് ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റ് രണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്. ഇതിലൊരാൾ കഞ്ഞിക്കുഴി സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്‍റെയും ഉച്ചയ്ക്ക് ഒന്നിന് ഏഴുലക്ഷം രൂപ ചെറുതോണിയിൽ പിൻവലിച്ചതിന്‍റെയും രേഖകളുണ്ട്. പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹതയുള്ളത്.

തുക ഇരട്ടിപ്പിച്ച് നൽകാമെന്ന ഉറപ്പിൽ ഏഴുലക്ഷം രൂപ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്ക് നൽകിയെന്ന് രണ്ടാമതാണ് പരാതിക്കാരൻ പറയുന്നത്. ആദ്യം മോഷണം പോയെന്നാണ് പറഞ്ഞത്. പണം വാങ്ങിയവർ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. തമിഴ്‌നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും വിലാസവും ലഭിച്ചിട്ടുണ്ടെന്നും, പ്രതികൾ ഉടൻ കസ്‌റ്റഡിയിലാകുമെന്നും പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *