VS ന് അനുശോചനം അറിയിച്ച് മലയാള സിനിമയിലെ പ്രമുഖർ

0
filim stars

പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് വി എസ് ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിഎസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

“ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.”-മോഹൻലാൽ ഫേസ്‌ബുക്കിൽ അനുസ്മരണ കുറിപ്പെഴുതി .

പ്രിയ സഖാവ് എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു നടൻ മമ്മൂട്ടിയുടെ അനുശോചനം. മലയാളികളുടെ സ്വന്തം സമരനായകൻ എന്നാണ് അനുശോചന കുറപ്പിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വി എസിനെ വിശേഷിപ്പിച്ചത്. നടന്മാരായ പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരും സോഷ്യൽ മീഡിയയിലൂടെ വിഎസിന് ആദരാഞ്ജലികൾ നേർന്നു. കേരളത്തിൻ്റെ വിപ്ലവ സൂര്യൻ അസ്തമിച്ചു എന്നാണ് നടൻ ദിലീപിൻ്റെ വാക്കുകൾ.
നമ്മുടെ രാജ്യത്തിന് യഥാർഥ ജനകീയ നായകനെ നഷ്ടപ്പെട്ടു എന്നാണ് കമൽഹാസൻ അനുശോചന കുറിപ്പിൽ രേഖപ്പെടുത്തിയത്. വി എസ് അവഗണിക്കപ്പെട്ടവരുടെ നാഥനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ഐക്കണുമായിരുന്ന അദ്ദേഹം സാധാരണക്കാർക്ക് വേണ്ടി പോരാട്ടം അവസാനിപ്പിക്കാത്ത ആളായിരുന്നു എന്നും കമൽ പറഞ്ഞു.

ഒരുപാട് അർഥങ്ങളുള്ള വിട എന്ന ഒറ്റവാക്കിൽ നടൻ വി കെ ശ്രീരാമൻ ദുഃഖം പ്രകടിപ്പിച്ചു. വിഎസിന് വേണ്ടി പ്രാർഥനകൾ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അനുശോചനം രേഖപ്പെടുത്തിയത് ഇപ്രകാരം. നിത്യശാന്തിയിലേക്ക്.. ലാൽസലാം സഖാവേ നടൻ കുഞ്ചാക്കോ ബോബൻ്റെ അനുശോചനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *