‘തുടരും’ സിനിമയ്ക്ക് വ്യാജപതിപ്പ്:നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത്

മലപ്പുറം: ‘തുടരും’ സിനിമയ്ക്ക് വ്യാജപതിപ്പ്. ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലപ്പുറത്തു നിന്നുള്ള സംഘത്തിന്‍റെ വാഗമണ്‍ യാത്രയ്ക്കിടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥി ടൂറിസ്റ്റ് ബസിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അയച്ചു കൊടുത്തത്.
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. നേരത്തേയും സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കി. പൊലീസില്‍ ഉടന്‍ പരാതി നല്‍കും.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്. ഏപ്രില്‍ 25 നാണ് ആഗോളതലത്തില്‍ തുടരും തിയേറ്ററുകളില്‍ എത്തിയത്. അതേസമയം തുടരും സിനിമ ബോക്‌സ് ഓഫിസില്‍ വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്. പത്തു ദിവസം കൊണ്ട് 150 കോടിയാണ് ചിത്രം നേടിയത്. വിദേശ കലക്ഷനിലും ഞെട്ടിക്കുന്ന കണക്കാണ് പുറത്തു വരുന്നത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണ് തുടരും.