“സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണം വൈസ് ചാൻസലർ- രജിസ്ട്രാർമാരുടെ വാശി ” : ഹൈക്കോടതി

എറണാകുളം:കേരള സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇരുവരുടെയും വാശിയാണ് സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്ക് ആത്മാർഥതയില്ലെന്നും സർവകലാശാലയിലെ സാഹചര്യം അരോചകമാണെന്നും കോടതി കുറ്റപ്പെടുത്തി.വിസിക്കും രജിസ്ട്രാർക്കും ആത്മാർഥതയില്ലെന്നും, ഇരുവരും വിദ്യാർഥികൾക്ക് അത്ഭുതകരമായ ഉദാഹരണമായി മാറുകയാണെന്നും കോടതി പരിഹസിച്ചു. ജോയിന്റ് രജിസ്ട്രാർക്ക് രജിസ്ട്രാറുടെ ചുമതല കൈമാറിയ വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ.
രജിസ്ട്രാർ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ വിസി അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ അനിൽകുമാർ ആരോപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ച് കഴിഞ്ഞയാഴ്ച സർവകലാശാലയിൽ ‘എലിയും പൂച്ചയും’ കളിയാണെന്ന് പരിഹസിച്ചിരുന്നു.
സസ്പെൻഷൻ തീരുമാനമെടുക്കാൻ വിസിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം സിൻഡിക്കേറ്റിനെ അറിയിക്കുക മാത്രമാണ് വിസിയുടെ ഉത്തരവാദിത്തം. തുടർ നടപടികൾ സിൻഡിക്കേറ്റാണ് എടുക്കേണ്ടതെന്നും കോടതി വാക്കാൽ പറഞ്ഞു.