പ്രിയങ്കയുടെ റോഡ് ഷോ 11 മണിക്ക് കൽപറ്റയിൽ; രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും

0

 

കൽപറ്റ ∙ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനു വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നൽകുക. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും റോ‍ഡ് ഷോയിൽ പങ്കെടുക്കും. രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാർ ഉൾപ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ടാകും.പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണു മുത്തങ്ങ അതിർത്തി കടന്നു രാത്രി ഒൻപതോടെ ബത്തേരിയിൽ എത്തിയത്.ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഇന്ന് 11നും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 12നും തലപ്പിള്ളി താലൂക്ക് ഓഫിസിൽ സഹവരണാധികാരി കൂടിയായ തഹസിൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നും യുഡിഎഫ് സ്ഥാനാർഥി‍ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ നിന്നും പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണു പത്രിക സമർപ്പിക്കുക. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ ഇന്ന് 2.30നു നാമനിർദേശ പത്രിക നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *