‘പ്രിയങ്കയുടെ വരവ് ചേലക്കരയിൽ ഏശില്ല; എംഎൽഎ എന്തു ചെയ്തെന്ന് ജനത്തിനറിയാം’

0

കോട്ടയം∙  സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആലത്തൂർ എംപിയും ചേലക്കര മുൻ എംഎൽഎയുമായ കെ.രാധാകൃഷ്ണൻ‌. സാധാരണനിലയിൽ എല്ലാ സർക്കാരിനെതിരെയും വിവാദങ്ങൾ ഉണ്ടാകുമല്ലോയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് മിഷനറിയിൽ ആശങ്കയില്ല. അവർക്കു സ്വാധീനമുള്ള തൃക്കാക്കരയിലും പുതുപ്പള്ളിയിലുമാണ് ഉപതിരഞ്ഞെടുപ്പുകൾ വിജയിച്ചത്. ചേലക്കരയിൽ അത്തരമൊരു സാഹചര്യമില്ല. പ്രിയങ്കയുടെ വരവ് ചേലക്കരയിൽ ഏശില്ല. അങ്ങനെയെങ്കിൽ ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമായിരുന്നില്ലേ എന്നും രാധാകൃഷ്ണൻ മനോരമ ഓൺലൈനോടു പ്രതികരിച്ചു. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധാകൃഷ്ണൻ സംസാരിക്കുന്നു.

∙ താങ്കൾ ഒഴിഞ്ഞ ചേലക്കര നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ?

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയോജകമണ്ഡലമായ ആലത്തൂരിലാണല്ലോ ഞാൻ മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ ചേലക്കരയിലും ഭൂരിപക്ഷം ലഭിക്കുകയുണ്ടായി. അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. എൽഡിഎഫിനു പ്രതികൂലമായ സാഹചര്യത്തിലും ഒപ്പം നിന്ന മണ്ഡലമാണ് ചേലക്കര. കഴിഞ്ഞ ആറു തവണ എൽഡിഎഫ് തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ്. എൽഡിഎഫിനു വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

∙ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് അവരുടെ മിഷനറി സമ്പൂർണമായി ഉപയോഗിക്കുന്നതും വിജയിക്കുന്നതുമാണ് കണ്ടുവരുന്നത്?

അത് അവർക്ക് സ്വാധീനമുള്ള തൃക്കാക്കരയിലും പുതുപ്പള്ളിയിലുമല്ലേ. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അടൂർ പ്രകാശും കെ.മുരളീധരനും പ്രതിനിധീകരിച്ച മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നല്ലോ. എൽഡിഎഫ് അല്ലേ അവിടെയൊക്കെ ജയിച്ചത്. ചേലക്കരയിലെ എംഎൽഎ അവർക്കു വേണ്ടി എന്താണു ചെയ്തു കൊണ്ടിരുന്നതെന്നു ജനങ്ങൾക്ക് അറിയാം. ഏറ്റവും പിന്നാക്ക അവസ്ഥയിലായിരുന്ന പ്രദേശമായിരുന്നു ചേലക്കര. എൽഡിഎഫിന്റെ വലിയ ഇടപെടലുകൾ ചേലക്കരയിൽ നടന്നിട്ടുണ്ട്. ആ മാറ്റങ്ങളെല്ലാം ചേലക്കരയിൽ സംഭവിച്ചിട്ടുമുണ്ട്.

∙ സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കുമോ?

സാധാരണ നിലയിൽ എല്ലാ സർക്കാരിനെതിരെയും വിവാദങ്ങൾ ഉണ്ടാകുമല്ലോ. 2021ലെ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വലിയ എതിർപ്പും പ്രചാരണവുമൊക്കെ ആയിരുന്നില്ലേ. പക്ഷേ, 2016ൽ കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റ് നേടിയല്ലേ എൽഡിഎഫ് വിജയിച്ചത്.

∙ എൽഡിഎഫിൽ യു.ആർ. പ്രദീപ് തന്നെയാണോ ചേലക്കരയിലെ അനുയോജ്യനായ സ്ഥാനാർഥി?

സ്ഥാനാർഥിയെ പാർട്ടി പ്രഖ്യാപിക്കും.

∙ പ്രചാരണം മുൻനിരയിൽനിന്നു നയിക്കുന്നത് കെ. രാധാകൃഷ്ണൻ തന്നെ ആയിരിക്കുമോ?

ഞാനുണ്ടാകും. മുൻനിരയോ പിൻനിരയോ എന്നതിൽ കാര്യമില്ല. അവിടെയുണ്ടാകും, എന്റെ നാടല്ലേ.

∙ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ കാറ്റ് ചേലക്കരയിലേക്കു വീശുമെന്ന ആശങ്കയുണ്ടോ?

ചേലക്കരയിൽ അതൊന്നും ബാധിക്കില്ല. അവർ വയനാട്ടിൽ അല്ലേ മത്സരിക്കുന്നത്. ഇതാണു ശരിയെങ്കിൽ ഹരിയാനയിൽ കോൺഗ്രസ് ജയിക്കേണ്ടതായിരുന്നു. രാഹുൽ ഗാന്ധി അവിടെ അതിശക്തമായ ക്യാംപെയ്നല്ലേ നടത്തിയത്.

∙ ശരിക്കും ചേലക്കരയെ മിസ് ചെയ്യുമോ?

ഇല്ലില്ല. ഞാൻ നാട്ടിലല്ലേ. എന്റെ നാട് അതല്ലേ. മാത്രമല്ല ഞാൻ പ്രതിനീധികരിക്കുന്ന ആലത്തൂരിന്റെ ഭാഗമല്ലേ ചേലക്കര. അതുകൊണ്ട് ചേലക്കരയെ മിസ് ചെയ്യില്ല. എന്റെ വീട് അവിടെയല്ലേ. ചേലക്കരയിലെ ദൈനംദിന പ്രവർത്തനങ്ങളിലെല്ലാം ഇടപെടുന്ന ഒരാളാണ് ഞാൻ.

∙ സരിനായിരിക്കുമോ പാലക്കാട്ടെ സിപിഎം സ്ഥാനാർഥി?

പാർട്ടി തീരുമാനം വരുന്നത് വരെ കാക്കൂ.

∙ സരിൻ സിപിഎമ്മിനോട് സമ്മതം അറിയിച്ചിട്ടുണ്ടല്ലോ?

കാത്തിരിക്കൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *