മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ; പ്രിയങ്ക വയനാട്ടിൽ, സ്വീകരിച്ച് നേതാക്കൾ
കൽപറ്റ ∙ വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു മീനങ്ങാടിയിലാണ് ആദ്യ പരിപാടി. നാളെയും പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും.
താളൂർ നീലഗിരി കോളജിൽ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുറത്തിറങ്ങിയ പ്രിയങ്ക പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകർ പ്രിയങ്കയ്ക്കായി മുദ്രാവാക്യം മുഴക്കി. കോളജ് വിദ്യാർഥികൾക്ക് ഹസ്തദാനം നൽകിയശേഷം പ്രിയങ്ക കാറിൽ മീനങ്ങാടിയിലേക്ക് പോയി. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളിൽ യോഗങ്ങൾ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മൽ, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടർന്ന് ഡൽഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടിൽ വീണ്ടുമെത്തും.