പ്രിയ വര്‍ഗീസിനെ നിയമനം: ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നു; സുപ്രീംകോടതി

0

 

ന്യൂഡൽഹി: കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവർ കോടതിയെ അറിയിച്ചു.

കേസ് നാലാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. പ്രിയ വർഗീസിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ട് ആഴ്ചത്തെ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. യുജിസിയുടെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പ്രിയ വർഗീസിന് രണ്ട് ആഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു. യോഗ്യതയുടെയും, മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനം എന്നും ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലന്ന് വ്യക്തമാക്കി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ യുജിസിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി. കേസിവെ മറ്റു കക്ഷികൾക്കായി മുതിർന്ന അഭിഭാഷകൻ പിഎൻ രവീന്ദ്രൻ അഭിഭാഷകരായ പി. എസ്. സുധീര്‍, അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *