സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
തലയോലപ്പറമ്പ് : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിൽ ശനിയാഴ്ച വൈകിട്ട് 7.15നാണ് അപകടം. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്.
അമിത വേഗത്തിലായിരുന്ന ബസ് വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ഗുരുമന്ദിരം ജംക്‌ഷന് മീറ്ററുകൾക്കു മുൻപുള്ള വളവിൽ ബസ് വട്ടം കറങ്ങിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞ് അക്ഷയ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. റോഡിന്റെ ഇരുവശത്തേയ്ക്കും ബസ് പലതവണ തെന്നിമാറുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടം സംഭവിക്കുന്നതിനു തൊട്ടു മുൻപ് സ്റ്റിയറിങ്ങിൽനിന്നു ഡ്രൈവറുടെ പിടിത്തം നഷ്ടപ്പെട്ടെന്ന് യാത്രക്കാർ പറഞ്ഞു.
അപകടത്തിൽ 41 പേർക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരം. യാത്രക്കാരെ നാട്ടുകാരും തലയോലപ്പറമ്പ് പൊലീസും വൈക്കത്തുനിന്നും കടുത്തുരുത്തിയിൽനിന്നും എത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പുറത്തെടുത്തത്. ആംബുലൻസുകളിലും സ്വകാര്യവാഹനങ്ങളിലുമായി ആശുപത്രിയികളിലേക്കു മാറ്റി. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.