30 കോടിയുടെ ആഡംബരവസതി സ്വന്തമാക്കി പൃഥ്വിരാജ്: ഇനി സൽമാൻ ഖാൻ്റെയും ആമിറിൻ്റെയും അയൽവാസി.
മുംബെെ: നടൻ പൃഥ്വിരാജ് മുംബെെയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ബാന്ദ്രയിലെ പാലി ഹില്ലിലാണ് നടൻ ബംഗ്ലാവ് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് കാർ പാർക്കിങ് ഏരിയ ഉൾപ്പെടുന്നതാണ് വസതിയെന്നും റിപ്പോർട്ടുകളുണ്ട്.
2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്‍റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് ആണ് താരം വസതി സ്വന്തമാക്കിയ വിവരങ്ങൾ പുറത്തുവിട്ടത്.
പാലി ഹില്ലിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസതിയാണിത്. നേരത്തെ 17 കോടിയുടെ വസതി ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികൾക്കും കായിക താരങ്ങൾക്കും ഇവിടെ ആഡംബര വസതികളുണ്ട്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിങ്, ടെെഗർ ഷ്രോഫ്, ക്രിക്കറ്റ് താരം കെ. എൽ. രാഹുൽ തുടങ്ങിയവർക്കെല്ലാം ഇവിടെ വസതികളുണ്ട്.