പ്രായം കൂടുന്തോറും ഒരാളുടെ ഷര്‍ട്ടിന്‍റെ ഡിസൈന്‍ കൂടുന്നു; ആ നടന്മാരെക്കുറിച്ച് പൃഥ്വിരാജ്
കൊച്ചി : പൃഥ്വിരാജ് ബേസില്‍ ജോസഫ് എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിച്ച് ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ മിന്നും പ്രകടനം നടത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പൃഥ്വിരാജാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിജയാഘോഷം കൊച്ചിയില്‍ വച്ച് നടന്നു.
ചടങ്ങില്‍ രണ്ട് നടന്മാരെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ ജഗദീഷിനെയും, നടന്‍ ബൈജു സന്തോഷിനെയും കുറിച്ചാണ് പൃഥ്വി പറഞ്ഞത്. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തില്‍ ജഗദീഷ് പൃഥ്വിയുടെ അച്ഛനായിട്ടും, ബൈജു ഭാര്യപിതാവായിട്ടുമാണ് അഭിനയിച്ചത്.
തനിക്ക് ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് ഇവരെന്നും. ഇവര്‍ ഇപ്പോഴും സംവിധായകര്‍ക്ക് അനുസരിച്ച് അഭിനയരീതികള്‍ മാറ്റുന്നത് തനിക്കും ഒരു പാഠമാണെന്നാണ് ‘ഗുരുവായൂരമ്പലനടയിൽ’ വിജയാഘോഷ വേദിയില്‍ പൃഥ്വിരാജ് പറഞ്ഞത്.
“എടുത്തുപറയേണ്ട രണ്ടുപേരുണ്ട് പ്രായം കൂടുന്തോറും ഷര്‍ട്ടിന്‍റെ ഡിസൈന്‍ കൂടിവരുന്ന ജഗദീഷേട്ടനും, പ്രായം കൂടുന്തോറും പുച്ഛം കൂടിവരുന്ന ബൈജുചേട്ടനും. ഇരുവരും വ്യക്തിപരമായി നല്ല ബന്ധമുള്ളവരാണ്. എന്നെ ചെറുപ്രായം മുതല്‍ക്കേ കാണുന്ന ആളുകളാണ് അവര്‍. ഇന്നും അവരോടൊപ്പം സജീവമായി അഭിനയിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്.
എനിക്ക് ഇതൊരു വലിയ പാഠമാണ്. കാരണം ജഗദീഷേട്ടന്‍ ഇനി പുതിയ പിള്ളേരുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ അവരുടെ വൈബിലുള്ള നടനായി മാറുന്നുണ്ട്. അത് പോലെ ബൈജു ചേട്ടന്‍ ഇപ്പോള്‍ വിപിന്‍ ദാസിന്‍റെ സിനിമയിലാണ് അഭിനയിക്കുന്നതെങ്കില്‍ ആ ഗ്രാമറിലുള്ള ആക്ടറാണ്. എനിക്കും അത് പോലെയാകണമെന്നാണ് പ്രാര്‍ത്ഥന” പൃഥ്വിരാജ് പറഞ്ഞു.