ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി: ക്ലാസ്‌മുറിയുടെ ചുവരില്‍ ചാണകം പൂശി കോളജ് പ്രിന്‍സിപ്പാള്‍. ഡൽഹി സർവകലാശാലയിലെ ലക്ഷ്‌മിഭായ് കോളജിലെ ക്ലാസ്‌മുറിയുടെ ചുവരാണ് പ്രിന്‍സിപ്പാള്‍ ചാണകം കൊണ്ട് മെഴുകിയത്. പ്രൊഫസർ പ്രത്യുഷ് വത്സലയാണ് ജീവനക്കാരുടെ സഹായത്തോടെ ക്ലാസ്‌മുറിയുടെ ചുമരുകളിൽ ചാണകം പൂശിയത്.
ക്ലാസ് മുറിയിലെ ചൂട് കുറയ്ക്കുന്നതിനുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് മുറിയിൽ ചാണകവും മറ്റ് ചേരുവകളും ചേർത്ത പേസ്റ്റ് പൂശിയതെന്നാണ് പ്രിന്‍സിപ്പാളിന്‍റെ വിശദീകരണം. അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പ്രിന്‍സിപ്പാള്‍ അനാവശ്യ കാര്യങ്ങള്‍ ചെയ്യുകയാണെന്ന് അധ്യാപകരടക്കം വിമര്‍ശിക്കുന്നു. അധ്യാപികയും ജീവനക്കാരും ചേര്‍ന്ന് ചാണകം പൂശുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അധ്യാപിക തന്നെയാണ് വീഡിയോ കോളജ് ഗ്രൂപ്പിൽ പങ്കുവച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.
താപനില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പിരിസ്ഥിതി പഠന വിഭാഗം ഈ പരീക്ഷണം നടത്തുന്നത് എന്ന് പ്രത്യുഷ് വത്സല മാധ്യമങ്ങളോട് പറഞ്ഞു. ‘പരിസ്ഥിതി പഠന വകുപ്പാണ് ഗവേഷണത്തിന്‍റെ ഭാഗമായി ഇത് ചെയ്യുന്നത്. താപ സമ്മർദ്ദ നിയന്ത്രണത്തിനുള്ള ഒരു ചെളി ചികിത്സയാണിത്. പഴയ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ആറ് മുറികളിലാണ് ഞങ്ങൾ ഈ പരീക്ഷണം നടത്തുന്നത്. ഇത് വെറും ചാണകമല്ല. ചാണകം, മണ്ണ്, ചുവന്ന മണൽ, ജിപ്‌സം പൊടി, മുൾട്ടാണി മണ്ണ് എന്നിവ കലർത്തിയാണ് ഈ പേസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം, മുറിയുടെ താപനില അളക്കുന്നതിനുള്ള ഉപകരണങ്ങളും അവിടെ സ്ഥാപിച്ചിട്ടുണ്ട്.’ – വത്സല പറഞ്ഞു.പരീക്ഷണത്തിന് മുമ്പും ശേഷവുമുള്ള മുറിയിലെ താപനിലയിലെ വ്യത്യാസം പരിശോധിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ചിലർ അനാവശ്യമായ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. ക്ലാസ് മുറികളിൽ ഫാനുകൾക്ക് ഒരു കുറവുമില്ല. ആ വീഡിയോയിൽ ഫാനുകളും കാണാമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് അഡ്‌മിനിസ്ട്രേഷൻ ക്ലാസ് മുറികളിൽ കൂളറുകളാണ് സ്ഥാപിക്കേണ്ടത് എന്ന് കോളജിലെ ഒരു അധ്യാപകന്‍ പ്രതികരിച്ചു. ‘കോളജിലെ മുറികൾ വലുതാണ്. പലതിലും ആവശ്യത്തിന് ഫാനുകളില്ല. വേനൽക്കാലത്ത് വിദ്യാർഥികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ഒരു മുറിയിലും എസി ഇല്ല, കൂളറുകളും ഇല്ല. വിദ്യാർത്ഥികൾ ഫാനുകൾ മാത്രം ഉപയോഗിച്ചാണ് ക്ലാസിലിരിക്കുന്നത്.’ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച പറഞ്ഞു.
കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യാർത്ഥം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം പ്രിൻസിപ്പാള്‍ ചാണകം പൂശുന്ന തിരക്കിലാണെന്ന് അധ്യാപക സംഘടനയായ ഇന്ത്യൻ നാഷണൽ ടീച്ചർ കോൺഗ്രസ് പ്രസിഡന്‍റ് പ്രൊഫസർ പങ്കജ് ഗാർഗ് കുറ്റപ്പെടുത്തി. ‘വിദ്യാർഥികൾക്ക് എന്ത് സന്ദേശമാണ് നമ്മൾ നൽകേണ്ടത്.? എന്തായാലും കോൺക്രീറ്റ് ചുവരുകളിൽ ചാണകം പുരട്ടുന്നതിൽ അർത്ഥമില്ല.’- അദ്ദേഹം പറഞ്ഞു.
ഡൽഹി അശോക് വിഹാറിൽ സ്ഥിതി ചെയ്യുന്ന, 1965 ൽ സ്ഥാപിതമായ കോളജ്, റാണി ലക്ഷ്‌മിഭായിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഡൽഹി സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്നു.