“പ്രധാനമന്ത്രിയുടെ അമേരിക്കൻയാത്ര ആയുധ കച്ചവടത്തിന്” : പിണറായി വിജയൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ സിപിഎം ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ കാണുന്നത് നരേന്ദ്ര മോദിയെ ആണ്. യാദൃശ്ചികം ആകാം എന്നാലും ഒരു പ്രത്യേക പൊരുത്തം ഇത്തരം കാര്യങ്ങളിലെല്ലാം ഉണ്ട്. കൂടുതൽ ആയുധ കച്ചവടം ഉറപ്പിക്കലാണ് നടക്കാൻ പോകുന്നത്. അമേരിക്കയോടുള്ള വിധേയത്വം വർധിപ്പിക്കലാണ് ഈ സന്ദർശനം ഉറപ്പാക്കാൻ പോകുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കയുടെ തെറ്റായ നടപടികളിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നൂറിലധികം ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് കൈകാലുകൾ ബന്ധിച്ച് തിരിച്ചയച്ചു. എന്താണ് ഇങ്ങനെ നിലപാട് സ്വീകരിക്കാൻ കാരണം? അവർ ക്രിമിനലുകൾ ഒന്നും അല്ലല്ലോ? സാധാരണഗതിയിൽ അന്തസായി ജീവിക്കുന്നവരല്ലേ, ഇന്ത്യൻ പൗരന്മാരല്ലേ?’
‘ഇന്ത്യയോട് കാണിക്കുന്ന അങ്ങേയറ്റം അനാദരവായാണ് ഇതിനെ കാണേണ്ടത്. പക്ഷെ അങ്ങനെ കാണാൻ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് നട്ടെല്ലില്ലാതെ പോയി. കാരണം അത്തരം ഒരു നിലപാടെടുത്ത് പ്രതികരിച്ചാൽ അമേരിക്കയുടെ നടപടിയെ കുറ്റപ്പെടുത്തേണ്ടി വരും. അമേരിക്കയോടുള്ള വിധേയത്വം നമ്മുടെ ഭരണാധികാരികളെ അതിന് അനുവദിക്കുന്നില്ല. ഇതിനെ ന്യായീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിതന്നെ രംഗത്തെത്തി. എന്തൊരു ലജ്ജാകരമാണ്,’ മുഖ്യമന്ത്രി പറഞ്ഞു