വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു

0

കല്പറ്റ: ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ് നാട്. ദുരന്തബാധിതരുടെ പുനരധിവാസവും ജീവനോപാധി കണ്ടെത്തലുമടക്കം ഒട്ടേറെ വെല്ലുവിളികളാണ് മുന്നില്‍.

പ്രധാനമന്ത്രി 11 മണിയോടെ എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.

തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങളുള്ളതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

പ്രത്യേക പാക്കേജ്

വയനാട് ദുരന്തത്തെ എല്‍.ത്രി വിഭാഗത്തിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തീവ്രത കൂടിയതും, കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതുമായ വലിയ ദുരന്തങ്ങളെയാണ് എല്‍.ത്രി വിഭാഗത്തില്‍ ഉള്‍പ്പെടുത്താറ്. ആദ്യമായി ജില്ലയിലെത്തുന്ന പ്രധാനമന്ത്രി വയനാടിന്റെ മറ്റ് അടിസ്ഥാനപ്രശ്‌നങ്ങളിലടക്കം ശ്രദ്ധനല്‍കുമെന്ന പ്രതീക്ഷയിലാണ് ഏവരും.

നല്ല ജീവിതവും ജീവിതോപാധിയും

ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആയിരത്തിലേറെ കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ സുരക്ഷിതമായ ഹെക്ടര്‍കണക്കിന് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീട് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ കോടികള്‍ വേണം. പ്രദേശവാസികളെയെല്ലാം ഒരുമിച്ചുതാമസിപ്പിക്കുന്നതിനായി എല്ലാസൗകര്യങ്ങളോടെയുമുള്ള ടൗണ്‍ഷിപ്പ് മാതൃകയാണ് നിലവില്‍ പരിഗണനയിലുള്ളത്. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവാസം നടപ്പാക്കേണ്ടതുണ്ട്. ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ക്ക് വീടൊരുങ്ങുംവരെ താമസിക്കാന്‍ താത്കാലിക സൗകര്യങ്ങളൊരുങ്ങണം.

നഷ്ടപരിഹാരം
ദുരന്തത്തിലെല്ലാം നഷ്ടമായവരാണിവിടെയുള്ളത്. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കണം. ജീവനോപാധികളുടെ വിതരണം, പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ പലിശരഹിത വായ്പാവിതരണം തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ട്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും വീടും സ്ഥലവുമടക്കമുള്ള സ്വത്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്കും മാന്യമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

നെഞ്ചോടു ചേര്‍ക്കാം
മലനിരകളാല്‍ ചുറ്റപ്പെട്ട പരിസ്ഥിതിദുര്‍ബലമേഖലകളാണ് വയനാട്ടിലേത്. ശാസ്ത്രീയപഠനങ്ങളിലൂടെ അപകടസാധ്യതാമേഖലകള്‍ കണ്ടെത്തി, അവിടെ താമസിക്കുന്നവരെ സുരക്ഷിതമേഖലകളിലേക്ക് പുനരധിവസിപ്പിക്കാന്‍ പദ്ധതികളുണ്ടാവണം

അതിതീവ്രമഴയാണ് 2018, 2019, 2024 വര്‍ഷങ്ങളില്‍ വയനാട്ടിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായത്. തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്രമഴ താങ്ങാനുള്ളശേഷി ഈ മണ്ണിനില്ല. മാറുന്ന കാലാവസ്ഥയ്ക്കും വികസന പദ്ധതികള്‍ക്കും അനുയോജ്യമായ ഭൂവിനിയോഗം സംബന്ധിച്ച വ്യക്തമായ നയം തയ്യാറാക്കണം

ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. കാരണങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനം നടത്തണം. നൂതന സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രവചനങ്ങളുറപ്പാക്കണം. തത്സമയ വിവരങ്ങള്‍ പ്രാദേശികമായി എത്തിക്കാനുള്ള ജനകീയശൃംഖലകളൊരുക്കണം

എന്‍.ഡി.ആര്‍.എഫ്. ഉള്‍പ്പെടെയുള്ള രക്ഷാസേനകളുടെ സ്ഥിരംസേവനവും ജില്ലയിലുറപ്പാക്കണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *