ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഇന്ത്യയിൽ താമസിക്കും;മകൻ സജീബ് വാസിദ്

0

വാഷിങ്ടൻ : ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ താമസിക്കുമെന്നും ഭാവി പരിപാടികളെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും മകൻ സജീബ് വാസിദ്. ഷെയ്ഖ് ഹസീന ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും അഭയം തേടിയിട്ടില്ല. രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മാതാവ് നേരത്തെ തന്നെ എടുത്തിരുന്നു. രാജിവച്ചതിനാൽ ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല. ഇനിയുളള സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടാൻ സാധ്യതയുണ്ടെന്നും സജീബ് വാസിദ് പറഞ്ഞു.

യുഎസുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ വീസ യുഎസ് റദ്ദാക്കിയെന്ന വാർത്തകളോട് സജീബിന്റെ പ്രതികരണം. ‘‘കുടുംബം ഇപ്പോൾ ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എവിടെയാണ് തുടരുകയെന്ന തീരുമാനം എടുത്തിട്ടി‍ല്ല. ഞാൻ വാഷിങ്ടനിലാണ്. എന്റെ സഹോദരി ഡൽഹിയിലാണ്. അമ്മയുടെ സഹോദരി ലണ്ടനിലാണ്. അമ്മ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്തേക്കാം. ഇപ്പോൾ എവിടെയാണെന്ന് എനിക്ക് അറിയില്ല’’– സജീബ് വാസിദ് പറഞ്ഞു.

ഷെയ്ഖ് ഹസീനയും സഹോദരി രഹാനയും ഇന്ത്യയിൽ നിന്നും ലണ്ടനിൽ അഭയം തേടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ‌ യുകെ ഭരണകൂടം ഹസീനയോട് മുഖം തിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുഎസ് ഷെയ്ഖ് ഹസീനയുടെ വീസ റദ്ദാക്കുകയും ചെയ്തു. രാജിവച്ചതിനു ശേഷം ഹെലികോപ്റ്റർ മാർഗം ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഹസീന എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *