പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 8 മാസം; മഹാരാഷ്ട്രയിൽ ശിവാജി പ്രതിമ തകർന്നു വീണു
മുംബൈ ∙ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയോടെയാണ് 35 അടി ഉയരമുള്ള പ്രതിമ നിലംപൊത്തിയത്. കഴിഞ്ഞവർഷം ഡിസംബർ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമയുടെ രൂപകൽപനയും നിർമാണവും നേവിയാണ് നിർവഹിച്ചത്. ശക്തമായ കാറ്റും മഴയും മൂലമാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. എന്നാൽ നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
അഴിമതിയുടെ കാര്യത്തിൽ ശിവാജി മഹാരാജാവിനെ പോലും ബിജെപി സർക്കാർ വെറുതെവിടുന്നില്ലെന്നും നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിമ തുരുമ്പിച്ചു തുടങ്ങിയിരുന്നെന്നും അതു പരിഹരിക്കാൻ നടപടിയെടുക്കണമെന്നും നേവിയോട് ആവശ്യപ്പെട്ടിരുന്നതായും പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ പറഞ്ഞു.
മറാഠാ രാജാവായിരുന്ന ഛത്രപതി ശിവാജി 1680 കാലഘട്ടത്തിൽ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന കോട്ടയിൽ സ്ഥാപിച്ച പ്രതിമയാണിത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ അടൽ സേതുവിലേക്കുള്ള അപ്രോച്ച് റോഡിൽ വിള്ളൽ വീണ സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇത് പിന്നീട് അടയ്ക്കുകയും കരാറുകാരന് ഒരു കോടി രൂപ പിഴ ശിക്ഷ നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ അഭിമാന പദ്ധതിയെന്ന നിലയിൽ അവതരിപ്പിച്ച ശിവാജിയുടെ പ്രതിമയും തകർന്ന് വീണത്.