പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി
പരുമല : വെറ്റിലകൾ വാനിയേക്കുയർന്ന പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭാരതത്തിലെ പ്രഥമ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പള്ളിയിലും പരിശുദ്ധന്റെ കബറിടത്തിലും നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് പെരുന്നാളിന് കൊടിയേറ്റിയത്. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, അസി. മാനേജർമാരായ ഫാ. ജെ. മാത്യുകുട്ടി ഫാ.ഗീവർഗീസ് മാത്യു പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ, വൈദികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെറ്റില വിതറി പരമ്പരാഗത രീതിയിലുള്ള കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് പമ്പാനദിയുടെ തീരത്തെ പരുമലമണ്ണിലേക്ക് ഒഴുകിയെത്തിയത്.
