കേന്ദ്രസർക്കാരിന്റെ വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കുരുമുളക്
മട്ടാഞ്ചേരി: കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും കടന്നുകൂടിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ കൊണ്ടുവന്നത്. ഇതിലാണ് കുരുമുളക് ഉൾപ്പെട്ടിട്ടുള്ളത്. കുരുമുളകിനെ അവശ്യസാധനപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. അവശ്യസാധന പട്ടികയിൽ പെടുന്നതിനാൽ കുരുമുളകിന്റെ വില ഉയരാതിരിക്കാൻ ഇടപെടലുകളുണ്ടാകും. ഇതാണ് കർഷകരിൽ ആശങ്കയുണ്ടാക്കുന്നത്.
കുരുമുളക് കൂടുതൽ ശേഖരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യൻ കുരുമുളകിന്റെ വില ലോകവിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് വില കുറയ്ക്കാനുളള കാര്യത്തിൽ കൂടുതൽ ഇടപെടലുകളുണ്ടാകുമെന്ന് സ്വാഭാവികമായും കർഷകർ ഭയക്കുന്നു. രാജ്യത്തെ ഭക്ഷണശീലങ്ങൾ മാറിയതോടെ കുരുമുളക് വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന വസ്തുവായി മാറിയിരിക്കുകയാണ്. ഇതിനനുസരിച്ച് രാജ്യത്ത് ഉത്പാദനം കൂടിയിട്ടില്ല. കുരുമുളക് സംസ്കരിച്ചും പായ്ക്കറ്റകളിലാക്കിയുമൊക്കെ വിപണിയിലെത്തിക്കുന്നവർ വലിയ ലാഭമെടുക്കുന്നതിനാൽ പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് വില വളരെ കൂടുതലാണ്. ഇത്രയധികം ലാഭം യഥാർഥത്തിൽ കർഷർക്ക് ലഭിക്കുന്നുമില്ല. പൊതുവിപണിയിൽ പായ്ക്കറ്റുകളിലെത്തുന്ന കുരുമുളക് ഉത്പന്നങ്ങളുടെ വിലയാണ് നിയന്ത്രിക്കേണ്ടതെന്ന് കച്ചവടസമൂഹം ചൂണ്ടിക്കാട്ടുന്നു. അതിന് നടപടിയുണ്ടാകുന്നില്ല. വിലനിരീക്ഷണത്തിന്റെ പേരിൽ മൊത്തത്തിൽ കുരുമുളകുവില നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത് കർഷകരെമാത്രം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടുമാസമായി ശ്രീലങ്കയിൽനിന്ന് ഏതാണ്ട് 4000 ടൺ കുരുമുളക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് കച്ചവടക്കാർ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ഈ ചരക്ക് വേഗത്തിൽ വിറ്റഴിക്കാൻ ഇടപാടുകാർ ശ്രമിക്കും. ഇതോടെ വീണ്ടും വിലയിടിയും. തുടർച്ചയായി വില കുറയുന്ന സാഹചര്യമുണ്ടായാൽ കച്ചവടക്കാരും വിട്ടുനിൽക്കും. മാത്രമല്ല, മസാലക്കമ്പനികൾക്ക് കുരുമുളക് വാങ്ങി സൂക്ഷിക്കാൻ തടസ്സമുണ്ടാകുമെന്നതിനാൽ അവരും കൂടുതൽ ചരക്ക് വാങ്ങില്ല. ഇതൊക്കെ വലിയ തകർച്ചയ്ക്ക് കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.
കുരുമുളകിന് വിലതകർച്ചയുണ്ടാകുന്നത് നൂറുകണക്കിന് കർഷകരെ ബാധിക്കും. കുരുമുളക് കൂടുതൽ ഉപയോഗിക്കുന്നത് വ്യാവസായിക ആവശ്യത്തിനാണെന്നും പൊതുജനങ്ങളുടെ അവശ്യസാധന പട്ടികയിൽനിന്ന് അതിനെ ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.രാജ്യത്ത് കുരുമുളകിന്റെ ആകെ ഉപഭോഗം വെറും ഒരു ലക്ഷം ടൺ മാത്രമാണ്. അതിന്റെ വില ഉയരുന്നത് ഉപഭോക്തൃസൂചികയെ ബാധിക്കില്ലെന്ന് ഇന്ത്യ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷൻ മുൻ ഭാരവാഹിയും പ്രമുഖ കുരുമുളക് വ്യാപാരിയുമായ കിഷോർ ശ്യാംജി ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു വസ്തുവിനെ അവശ്യവസ്തു പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് കുരുമുളക് കച്ചവടക്കാരുടെ ആവശ്യം.