ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌ ശക്തിയായി ഉടന്‍ മാറുമെന്ന് രാഷ്‌ട്രപതി

0

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു.നയപ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌ ശക്തിയായി ഉടന്‍ മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.

മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എഐ സാങ്കേതികതയില്‍ ഇന്ത്യ ബഹുദൂരം മുന്നേറിയെന്നും അവര്‍ അവകാശപ്പെട്ടു.ബഹിരാകാശ രംഗത്തും നാം സമാനതകളില്ലാത്ത നേട്ടങ്ങള്‍ കരസ്ഥമാക്കി. എംഎസ്എംഇ, ഇ കൊമേഴ്‌സ് മേഖലകള്‍ക്കായി കൊണ്ടു വന്ന ക്രെഡിറ്റ് ഗ്യാരന്‍റി പദ്ധതി രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള വ്യവസായത്തിന്‍റെ ഊര്‍ജ്ജമാണ്. തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ബാങ്കിങ് മേഖലയിലും കുതിപ്പുണ്ടായി. യുപിഐ ഇടപാടുകള്‍ വര്‍ധിച്ചു. അര്‍ബുദം വ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ തീരുവ ഒഴിവാക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് മോദിസര്‍ക്കാര്‍ വനിതാ ബില്‍ കൊണ്ടുവന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. വനിതകളുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍, പൊലീസില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എല്ലാം സ്‌ത്രീസാന്നിധ്യം വളരയേറെ വര്‍ധിച്ചതില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.മധ്യവര്‍ഗക്കാര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം സുതാര്യമാണ്. വഖഫ് ബില്‍ പുരോഗമനത്തിലേക്കുള്ള പടിക്കെട്ടാണെന്നും അവര്‍ പറഞ്ഞുഒരു രാജ്യം ഒരേ നികുതി എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ജിഎസ്‌ടി രാജ്യത്തെ ശാക്തീകരിച്ചു. സൈബര്‍ സുരക്ഷ സൂചികയില്‍ ഇന്ത്യ ഒന്നാമതാണെന്നും അവര്‍ അവകാശപ്പെട്ടു. ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡീപ് ഫെയ്‌ക് തുടങ്ങിയവ സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ക്കും ദേശസുരക്ഷയ്ക്കും വെല്ലുവിളിയാണ്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. യുവാക്കളുടെ ലക്ഷ്യ പൂര്‍ത്തീകരണവും ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക നടപടികള്‍ കൈക്കൊള്ളും. വിദ്യാലയങ്ങളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസ നയം ആവിഷ്ക്കരിച്ചു. ഖേലോ ഇന്ത്യ രാജ്യത്തെ കായികമേഖലയ്ക്ക് ഉണര്‍വുണ്ടാക്കി.രാജ്യത്ത് വിമാനസര്‍വീസുകളും വിമാനത്താവളങ്ങളും ഇരട്ടിയായി. 1700 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയായതോടെ കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍ ശൃംഖല എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചു. രാജ്യത്തെ മെട്രോപ്പാത ആയിരം കിലോമീറ്റര്‍ എന്ന നാഴികകല്ല് പിന്നിട്ടു.ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി എഴുപത് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കി. ഇതിലൂടെ ആറ് കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേട്ടമുണ്ടായി. കുംഭമേളയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടായിരുന്നു രാഷ്‌ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യാന്‍ ആരംഭിച്ചത്.

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേള നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ ഉത്സവമാണിത്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിന് വിശ്വാസികളാണ് സ്‌നാനം ചെയ്യാനായി എത്തുന്നത്. മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും അവര്‍ ആദരമര്‍പ്പിച്ചു.
രണ്ടാം ദിനമായ നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. തന്‍റെ തുടർച്ചയായ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റുമാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *