സിനിമാ ദുരുപയോഗ വിവാദത്തിൽ പ്രേം കുമാർ

0

കോട്ടയം∙ അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹൻലാൽ തിരികെ വരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. സിനിമാ പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ്. ആരോപണം വന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാനാകില്ല. ബ്ലാക്ക് മെയിലിങ്ങുണ്ട് ഇതിനകത്ത്, പണം തട്ടാനുള്ള ശ്രമവുമുണ്ട്. ചില ആരോപണങ്ങൾ പൊളിയുന്നുണ്ടെന്നും പ്രേം കുമാർ സഹ്യ ഓൺലൈനിനോട് പറഞ്ഞു.

‘‘അമ്മ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അവിടെ മൂന്നു വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും പുറത്തുനിന്നുമൊക്കെ പലരും എത്തിയാണ് വോട്ടെടുപ്പ് നടന്നത്. സൗഹാർദപരമായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റാരോപിതരായവർക്ക് മാറി നിൽക്കാം. അതൊരു ധാർമികതയുടെ നല്ല മാതൃകയാണ്. പക്ഷേ ഒരു ആരോപണവും നേരിടാത്തവർ ഒന്നടങ്കം രാജിവച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ഞാൻ പറയും. വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടുള്ള അവഹേളനമാണ് അത്. ലാലേട്ടൻ ഉൾപ്പെടെയുള്ളവർ ഒരു ആരോപണവും നേരിടുന്നില്ല. മോഹൻലാലൊക്കെ രാജിവച്ച സ്ഥാനങ്ങളിലേക്ക് തിരികെയെത്തണം. അവർക്കെതിരെ ഒരു ആരോപണവുമില്ലല്ലോ. അമ്മയുടെ ജനറൽ സെക്രട്ടറി രാജിവച്ചത് മാതൃക തന്നെയാണ്. അത് സ്വാഗതം ചെയ്യുന്നു’’ – പ്രേം കുമാർ പറഞ്ഞു.

മോഹൻലാലിന്റെ രാജി ഒളിച്ചോട്ടമാണെന്നുള്ള ആക്ഷേപത്തോട് പ്രേം കുമാറിന്റെ മറുപടി ഇങ്ങനെ ‘‘അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു ചോദ്യത്തിനു പലരും പല രീതിയിലാകും ഉത്തരം പറയുന്നത്. എങ്ങനെ ഉത്തരം പറയുന്നു എന്നതൊക്കെ ഓരോരുത്തരുടെ രീതിയാണ്’’.

കേസുകളിൽ കുടുങ്ങുന്നതും കുടുങ്ങാത്തതുമൊക്കെ സ്വാഭാവികമായും സംഭവിക്കും. ആർക്കു വേണമെങ്കിലും ഒരാളെ കേസിൽ കുടുക്കാം. ആരോപണങ്ങൾ ഒരുപാട് വന്നിട്ടുണ്ട്. അതിൽ കുറേ സത്യമുണ്ടാകാം, അർധ സത്യമുണ്ടാകാം, അസത്യങ്ങളുമുണ്ടാകും. പക്ഷേ ആരോപണം വന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റവാളിയാണെന്ന് പറയാനാകില്ല. അന്വേഷണം നടക്കണം, അന്വേഷണത്തിൽ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടണം. കോടതി കുറ്റവാളിയാണെന്ന് വിധിച്ചാൽ അവർ ശിക്ഷിക്കപ്പെടും. ഇപ്പോൾ ഇവരെല്ലാം ആരോപണ വിധേയരാണ്. ബ്ലാക്ക് മെയിലിങ്ങുണ്ട് ഇതിനകത്ത്. പണം തട്ടാനുള്ള ശ്രമമുണ്ട്. ചില ആരോപണങ്ങൾ പൊളിയുന്നുണ്ട്. നിവിൻ പോളി ദുബായിൽ വച്ച് പീഡിപ്പിച്ച് എന്ന് ഒരു സ്ത്രീ പറഞ്ഞ ദിവസം അദ്ദേഹം വിനീത് ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയായിരുന്നുവെന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. നേരും തെറ്റുമൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ആരോപണ വിധേയർ മാനനഷ്ട കേസുകളുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോൾ ആരെയും ക്രൂശിക്കാൻ താൻ തയാറല്ലെന്നും പ്രേം കുമാർ പറഞ്ഞു.

രഞ്ജിത്ത് നല്ല മനുഷ്യനാണ്. രാജിവച്ച ഉടനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു. രാജിവച്ച കാര്യമൊന്നും ഞങ്ങളോടൊന്നും ആലോചിച്ചിരുന്നില്ല. അദ്ദേഹം സ്ഥാനമേൽക്കുന്ന സമയം മുതൽ രക്തത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ടൈമിങ് നോക്കി ആരോപണവുമായി വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സർക്കാരിനെതിരെ പലരും കല്ലെറിയുന്നുണ്ട്. ആ എറിയുന്ന കല്ലുകളിൽ ഒന്നിന്റെ പേര് രഞ്ജിത്ത് എന്നാകരുതെന്ന് നിർബന്ധമുണ്ടെന്ന് രഞ്ജിത്ത് എന്നോട് ഫോണിൽ പറഞ്ഞു. ചെയർമാൻ പദവി ഏറ്റെടുത്ത ശേഷവും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് മറ്റാരെക്കാളും തന്റെ തന്നെ ആവശ്യമാണെന്നാണ് രഞ്ജിത്ത് അപ്പോൾ പറഞ്ഞത്. അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’’ – പ്രേം കുമാർ പറഞ്ഞു.

അക്കാദമിയുടെ തലപ്പത്തേക്ക് ഒരു വനിതാ ചെയർപേഴ്സൺ വരട്ടെയെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഈ അവസ്ഥകൾ നിലനിൽക്കുമ്പോൾ അത് ഗുണം ചെയ്യും. വനിതാ മുന്നേറ്റത്തിന് അത് സാധിക്കും. എന്നാൽ അക്കാദമിയിൽ മാത്രം ഒരു വനിത വന്നതു കൊണ്ട് വലിയ മാറ്റമുണ്ടാകില്ല. ഭരണതലത്തിൽ മുഴുവൻ വനികളുടെ സാന്നിധ്യമുണ്ടാകണം. വനിതകളുടെ പോരാട്ടം കാരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഇന്ന് അത് എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസമായി മാറിയിരിക്കുകയാണെന്നും പ്രേം കുമാർ പറഞ്ഞു.

സിനിമ മേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നത് വർഷങ്ങളായി കേൾക്കുന്ന കഥയാണ്. അന്തരീക്ഷത്തിലുള്ള കഥ ആയാണ് പലതും നമ്മൾ കേട്ടിട്ടുള്ളത്. സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടെന്ന് സർക്കാരിനു ബോധ്യപ്പെട്ടത് 2017ൽ ഒരു സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോഴാണ്. ആ നടി അന്വേഷണത്തിനു ധൈര്യം കാണിച്ചതിനു പിന്നാലെയാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടിമാർക്ക് ധൈര്യപൂർവം തങ്ങളുടെ തിക്താനുഭവങ്ങൾ തുറന്നുപറയാനുള്ള വേദി ഒരുക്കി കൊടുത്തുവെന്നതാണ് സർക്കാർ ചെയ്ത വലിയ കാര്യം. ഇതിനെക്കാൾ വലിയ പ്രശ്നങ്ങളുള്ള പല സംസ്ഥാനങ്ങളിലും കമ്മിറ്റികൾ പോലും രൂപീകരിച്ചിട്ടില്ല. ഇവിടെ റിപ്പോർട്ട് വരാൻ വൈകിപോയി എന്നാണ് ആക്ഷേപം. സമൂഹത്തിലെ സാധാരണ പൗരൻ എന്ന നിലയിൽ റിപ്പോർട്ട് നേരത്തെ വരണമെന്ന അഭിപ്രായമാണ് എനിക്ക്. പ്രേക്ഷകരുടെ പൈസ കൊണ്ടാണ് സിനിമാ വ്യവസായം നിലനിൽക്കുന്നത്. അതുകൊണ്ട് അവിടെ നടക്കുന്നതൊക്കെ അറിയാനുള്ള അവകാശം ഇവിടത്തെ പ്രേക്ഷകനുമുണ്ട്. സർക്കാരിനു മുന്നിലുണ്ടായിരുന്ന ചില തടസങ്ങളാണ് റിപ്പോർട്ട് പുറത്തുവിടുന്നത് വൈകാൻ കാരണം.

മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീ വിരുദ്ധതയും സ്ത്രീകൾക്കെതിരായ ചൂഷണങ്ങളുമുണ്ട്. സിനിമയെ മാത്രം ഫോക്കസ് ചെയ്ത് സംസാരിക്കുന്നത് ശരിയല്ല. എല്ലായിടത്തും സ്ത്രീകൾക്കു നേരെയുള്ള പ്രശ്നങ്ങളുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുന്ന റിപ്പോർട്ടാണ് ഹേമ കമ്മിറ്റി സമർപ്പിച്ചിട്ടുള്ളത്. സിനിമ കോൺക്ലേവ് നടത്തുന്നത് ചർച്ചയ്ക്കു വേണ്ടി മാത്രമല്ല. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നത് വിപ്ലവകരമായ കാര്യമാണ്. സിനിമാ നയം രൂപീകരിക്കുന്നതോടെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഇരകളും വേട്ടക്കാരും തമ്മിൽ വേദി പങ്കിടണമോയെന്ന് എന്നെല്ലാം ചോദിച്ച് ചില പരിഭവങ്ങൾ വന്നിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന എത്രയോ ജീവിതങ്ങളാണുള്ളത്. സിനിമയെ സംരക്ഷിക്കാൻ അഭിപ്രായം പറയുമ്പോൾ തന്നെ കോൺക്ലേവിനോട് ചേർന്നു നിൽക്കണം. ആരുടെയെങ്കിലും ഒപ്പം ചർച്ചയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അതു പറയണം. സർക്കാർ വേണ്ടത് ചെയ്യും. കോൺക്ലേവ് ബഹിഷ്കരിക്കുകയല്ല വേണ്ടതെന്നും പ്രേം കുമാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *