ഭർതൃവീട്ടിലെ പീഡനം : ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു

തൃശൂർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്‌തു. ഇരിങ്ങാലക്കുട സ്വദേശി ഫസീല (23) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത്. മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
ഇന്നലെയാണ് ടെറസിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് ഇരിങ്ങാലക്കുട പൊലീസ് വലിയകത്ത് നൗഫലിനെ (30) കസ്‌റ്റഡിയിൽ എടുത്തത്. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്‌ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്തൃ മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും വാട്‌സ്‌ആപ്പ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഒന്നര വർഷം മുമ്പാണ് ഇരുവരുടെ വിവാഹം കഴിഞ്ഞത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്‌ദുൽ റഷീദിന്‍റെയും സെക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.