പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും
വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും ഇന്ന് സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. കളക്ട്രേറ്റ് മാര്‍ച്ചിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചേക്കും.രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം ഒരുക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടേക്കാലിന് സുല്‍ത്താന്‍ ബത്തേരിയിലും, ഒന്നരയ്ക്ക് കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഇന്നലെ നടന്ന മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക സന്ദര്‍ശിച്ചേക്കും.
തുടര്‍ന്ന് വൈകീട്ട് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്നലെ തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളില്‍ പ്രിയങ്കയ്ക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഇന്നലെ മുക്കത്ത് നടന്ന പൊതുസമ്മേളനത്തിൽ ആളുകൾക്ക് തന്നെ കാണാനും തന്നോട് അവരുടെ പ്രശ്നങ്ങൾ പങ്കിടാനും വീടിന്റെയും ഓഫീസിന്റെയും വാതിലുകൾ തുറന്നിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
നിങ്ങളിൽനിന്ന് പഠിക്കാനാണ് ഞാൻ ഇവിടെയുള്ളത്. നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഞാൻ ഇവിടെയുണ്ട്. മനുഷ്യ-മൃഗ സംഘർഷം, ആരോഗ്യ സേവനങ്ങളുടെ ആവശ്യകത, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് എനിക്കറിയാം. ഇപ്പോൾ ഇതിനെല്ലാം വേണ്ടി പോരാടാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളുടെ വീട്ടിൽ വരും, നിങ്ങളെ കാണും. എന്റെ വീടിന്റെയും ഓഫീസിന്റെയും വാതിൽ തുറന്നിരിക്കുന്നു. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല പ്രിയങ്ക പറഞ്ഞു.