പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ
നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക എന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്നും പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും ആണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ലഭിക്കുന്നതിനായി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഒരു പോലെ പ്രവർത്തിച്ചെന്ന് വ്യക്തമാക്കിയ അദ്ദേഹം പാർട്ടിയുടെ കണക്ക് ശരിയായി എന്നും പറഞ്ഞു.
പ്രിയങ്ക വയനാട് മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മഹാരാഷ്ട്രയിലെ പരാജയത്തിന്റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കുമെന്നും കോൺഗ്രസിന് മാത്രമല്ല, തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും പരാജയം ഉണ്ടായിട്ടുണ്ട് എന്നും പറഞ്ഞു