വയനാട്ടുകാരോട് സംസാരിക്കാൻ പ്രിയങ്ക മലയാളം പഠനത്തിന് തയ്യാറെടുക്കുന്നു

0

ന്യൂഡൽഹി: മനോഹരമായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇന്ദിരാ പ്രിയദർശിനിയുടെ വീഡിയോ നേരത്തേ തന്നെ വൈറലാണ് സോഷ്യൽ മീഡിയയിൽ. അധികം താമസിയാതെ ഇന്ദിരയുടെ പേരക്കുട്ടി പ്രിയങ്കാ ഗാന്ധി മലയാളം സംസാരിക്കുന്നതു കൂടി നമുക്ക് കേൾക്കാൻ കഴിഞ്ഞേക്കും. പുതിയ റിപ്പോർട്ടുകൾ പറയുന്നത് പ്രിയങ്ക മലയാളം പഠിക്കാൻ തയ്യാറെടുക്കുന്നു എന്നാണ്.
വയനാട്ടിൽ മത്സരിക്കാൻ തീരുമാനമെടുത്ത അന്നുമുതൽക്കേ പ്രിയങ്ക മലയാളം പഠിക്കാൻ തുടങ്ങിയിരുന്നു എന്നതാണ് വസ്തുത. ഓരോ ദിവസവും ഒരു പുതിയ മലയാളം വാക്കെങ്കിലും പഠിക്കുക എന്നതായിരുന്നു പ്രിയങ്കയുടെ സ്ട്രാറ്റജി. ഭാഷാപഠനത്തിൽ നല്ല മിടുക്കുള്ള ആളാണ് പ്രിയങ്ക. പ്രിയങ്കയുടെ മാതാവ് സോണിയ ഗാന്ധിയും വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ആളാണ്.

അവരുടെ അമ്മയായ പാവോല മായിനോ വീട്ടിൽ സംസാരിച്ചിരുന്നത് റഷ്യൻ ഭാഷയാണ്. ഇക്കാരണത്താൽ സോണിയയ്ക്ക് റഷ്യനും അറിയാം. ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രതിനിധികളോട് സോണിയ റഷ്യൻ ഭാഷയിൽ സംസാരിച്ചത് മുമ്പ് വാർത്തയായിരുന്നു. ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും സോണിയ കൈകാര്യം ചെയ്യും. ഇതേ ഭാഷാസിദ്ധി പ്രിയങ്കയ്ക്കും ഉണ്ട്. അവർ മാനവിക വിഷയങ്ങളിലാണ് എപ്പോഴും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത് എന്നതും ഇതോട് ചേർത്ത് വായിക്കണം. ബിരുദപഠനത്തിന് പ്രിയങ്ക തിരഞ്ഞെടുത്തത് സൈക്കോളജിയായിരുന്നു. പിന്നീട് അവർ ബുദ്ധമതത്തെക്കുറിച്ച് പഠിച്ചു.

പ്രിയങ്കയ്ക്ക് ഫ്രഞ്ച് ഭാഷ അറിയാമെന്ന് ചില റിപ്പോർട്ടുകളുണ്ടെങ്കിലും വിശ്വാസയോഗ്യമായ തെളിവുകളൊന്നും ലഭ്യമല്ല. തമിഴ് അറിയാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ അടുത്തിടെ തമിഴ്നാട്ടിൽ നടന്ന ഒരു പരിപാടിയിൽ തമിഴ് ഭാഷയിൽ അഭിസംബോധന ചെയ്യുന്നത് നോക്കി വായിച്ചിട്ടാണ്. പ്രിയങ്കയ്ക്ക് മലയാളം പഠിക്കാൻ ഒരു അധ്യാപികയെ നിയോഗിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് തന്റെ വലിയ തിരക്കുകൾക്കിടയിൽ മലയാളം പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും ഇറ്റാലിയനും കൈകാര്യം ചെയ്യുന്നയാളാണ് രാഹുൽ ഗാന്ധി

Spread the love

Leave a Reply

Your email address will not be published. Required fields are marked *