പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ കാത്തിരിക്കുന്നത് ; സന്ദർശക വീസക്കാരുടെ നിയമലംഘനം, ക്രെഡിറ്റ് കാർഡിലെ ചതിക
ദുബായ് ∙ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമുള്ള സർക്കാരിന്റെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതിനകം ആയിരക്കണക്കിന് പേർ പുതിയ കമ്പനികളിൽ ജോലി കണ്ടെത്തി താമസ രേഖകൾ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു (യഥാർഥ കണക്ക് അധികൃതർ വൈകാതെ പുറത്തുവിടും).
ആദ്യകാലത്ത്ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇപ്പോൾ, 2018 ന് ശേഷം ആറു വർഷം കഴിഞ്ഞ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോഴും എങ്ങനെയാണ് ഇത്രയധികം ആൾക്കാർ അനധികൃതമായി ഇവിടെ താമസിക്കാനിടവന്നത്?. അനധികൃത താമസത്തിന്റെ ഭവിഷ്യത്തുകൾ അറിയാമായിരുന്നിട്ടും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നതെന്തുകൊണ്ട്?. പൊതുമാപ്പിനോട് അനുബന്ധമായി ചർച്ച ചെയ്യേണ്ട ഗൗരവമായ ഇത്തരം വിഷയങ്ങൾളെക്കുറിച്ച് ഇപ്രാവശ്യം സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ്.
ഈ വർഷത്തെ സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ രണ്ടുമാസത്തേയ്ക്കായിരുന്നു. മുൻകാലങ്ങളിൽ ഒരു മാസം കൂടി പൊതുമാപ്പ് നീട്ടാറുണ്ടെങ്കിലും ഇപ്രാവശ്യം ഇതുവരെ ഇതേക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാത്രമല്ല, നീട്ടില്ലെന്നും യഥാർഥ സമയത്ത് തന്നെ പൊതുമാപ്പിന് അപേക്ഷ നൽകിയിരിക്കണമെന്നും നേരത്തെ തന്നെ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഈ ചെറിയ സമയപരിധിക്കുള്ളിൽ ആയിരിക്കണക്കിന് അനധികൃത താമസക്കാർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുകയും വേറൊരു ജോലിയിലേക്ക് നിയമപരമായി പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. സന്ദർശക, എംപ്ലോയ്മെന്റ് വീസകൾ പുതുക്കാതെ നിന്ന ഒട്ടേറെ പേർക്കാണ് ഈ പൊതുമാപ്പ് വലിയ ആശ്വാസമായത്. യുഎഇ ഭരണാധികാരികളുടെ ഉദാരമനസ്സാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.
നിയമലംഘകരിൽ കൂടുതലും സന്ദർശക വീസക്കാർ
പൊതുമാപ്പ് പ്രഖ്യാപിച്ച സമയം തൊട്ട് ഇന്നുവരെ എന്നെ ഒട്ടേറെ സമീപിച്ചുകൊണ്ടിരിക്കുന്നു. ഇതിലേറെയും സന്ദർശക വീസയിൽ വന്നവരാണ്. വിസിറ്റ് വീസ എടുത്ത് യുഎഇയിൽ വന്നിട്ട് ജോലി തിരയുകയും വീസാ കാലാവധിക്കകം ജോലി കിട്ടാത്ത സാഹചര്യത്തിൽ പുതുക്കുകയോ നാട്ടിലേയ്ക്ക് തിരിച്ചു പോകുകയോ ചെയ്യാതെ ഇവിടെ തുടർന്നവരാണ് എല്ലാവരും. ഉടൻ ജോലി ശരിയാവും അപ്പോൾ വീസ അടിക്കാം, ചെറിയ പിഴയല്ലേ വരൂ എന്നൊക്കെ ചിന്തിച്ചാണ് പലരും വീസ പുതുക്കുകയോ നാട്ടിലേയ്ക്ക് മടങ്ങുകയോ ചെയ്യാതെ ഇവിടെത്തന്നെ തുടർന്നു പോകുന്നത്. ഒരു സമയം കഴിയുന്നതോടെ അവർക്ക് മനസ്സിലാവുകയാണ്, ഇനി പിഴ ഒടുക്കാതെ ഔട്ട് പാസ് എടുത്ത് നാട്ടിലേയ്ക്ക് പോയാൽ യുഎഇയിലേയ്ക്ക് ഒരിക്കലും തിരിച്ചു വരാൻ സാധിക്കുന്നതല്ല എന്ന്. ആ ഒരു കാരണം കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ജോലി കിട്ടും എന്ന പ്രതീക്ഷയോടെ വീസാ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നു. അങ്ങനെയാണ് യുഎഇയിൽ വീസയില്ലാതെ നിയമം ലംഘിച്ച് താമസിക്കുന്നവരുടെ എണ്ണം ഇത്രമാത്രം കൂടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
പാർട്ണർ, ഇൻവെസ്റ്റർ വീസക്കാരും പ്രതിസന്ധിയിലാകുന്നു
വേറെ ചിലർ പാർട്ണർഷിപ്പ് വീസയിലും ഇൻവെസ്റ്റർ വീസയിലും ഉള്ളവരാണ്. പല കാരണം കൊണ്ട് കമ്പനി ട്രേഡ് ലൈസൻസ് പുതുക്കാൻ സാധിക്കാതെ വീസാ കാലാവധി കഴിഞ്ഞ് ഇവിടെ തങ്ങുന്നവരാണ്. ഇങ്ങനെ വീസ ഇല്ലാതെയാകുന്നതിന്റെ പ്രധാന കാരണം ഇവരുടെ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽപ്പെടുകയും അതുകാരണം ചെക്കുകൾ മടങ്ങുകയും ചെയ്യുന്നതാണ്. കമ്പനി സാമ്പത്തികമായി തകരുമ്പോൾ ചെക്കുകൾ എല്ലാം പണമില്ലാതെ ബാങ്കിൽ നിന്നും മടങ്ങുകയും പിന്നീട് അത് കേസ് ആകുകയും ചെയ്യുന്നത് മൂലം ഇവർക്ക് ഇവരുടെയും കുടുംബത്തിൻ്റെയും വീസ പുതുക്കാനും കമ്പനി ട്രേഡ് ലൈസൻസ് പുതുക്കാനും സാധിക്കാതെ വരുന്നു. തുടര്‍ന്ന് ഇവർ യുഎഇയിൽ അനധികൃതരായി താമസം തുടങ്ങുന്നു. എന്നാൽ ഇവരിൽ പലരും ഇതിൽപ്പെടുന്നത് യുഎഇ നിയമത്തേക്കുറിച്ചുള്ള അജ്ഞത മൂലമാണ്. നിങ്ങൾക്ക് സിവിൽ കേസോ, ക്രിമിനൽ കേസോ ഉണ്ടെങ്കിലും വീസ, പാസ്പോർട്ട് പുതുക്കാനുള്ള അവസരം കോടതിയിൽ നിന്ന് ലഭിക്കുന്നതാണ്. സിവിൽ കേസിൽ 30% പണം അടച്ചു കഴിഞ്ഞാൽ അറസ്റ്റ് വാറണ്ട് റിമൂവ് ആവുകയും വീസ പുതുക്കാനും ക്യാൻസൽ ചെയ്യാനും സാധിക്കുന്നതുമാണ്. അതുപോലെ ജോലിയില്ലാത്തതിന്റെയും ബിസിനസ് തകർന്നതിന്റെയും ഫലമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ കോടതിയെ ബോധ്യപ്പെടുത്തി വീസ അടിക്കാനോ പാസ്പോർട്ട് പുതുക്കാനോ ഉള്ള പെർമിഷൻ വാങ്ങാവുന്നതാണ്.
കേസിൽ കുടുങ്ങിയവർക്ക് പദവി നിയമപരമാക്കാം
യുഎഇയിൽ ഏതെങ്കിലും തരത്തിലുള്ള കേസിൽ കുടുങ്ങിയവർക്ക് ഈ പൊതുമാപ്പിൽ നാട്ടിൽ പോകാൻ സാധിക്കില്ലെങ്കിലും അവർക്ക് അവരുടെ വീസ നിയമപരമാക്കി ജോലിയോ ബിസിനസോ ചെയ്തു മുന്നോട്ടുപോകാം. കേസുകൾ തീർന്ന് യാത്രാ വിലക്ക് നീങ്ങിയ ശേഷം നാട്ടിലേയ്ക്ക് പോകാവുന്നതാണ്.
ക്രെഡിറ്റ് കാർഡിന്റെ ചതിക്കുഴികളിൽ വീണവരേറെ
കുറേയേറെ പേർ ഇവിടെ നിയമപരമല്ലാതെ തുടരുന്നതിന്റെ കാരണം ക്രെഡിറ്റ് കാർഡിന്റെയോ ബാങ്ക് വായ്പയുടേയോ കുടിശ്ശിക അടക്കാത്തത് കാരണം ബാങ്ക് അവർക്ക് യാത്രാ വിലക്കും(ട്രാവൽ ബാൻ) അറസ്റ്റ് വാറന്റും ഇടുന്നതാണ്. കുറേയേറെ പേർ പൊലീസ് പരിശോധനയിൽ പിടിച്ചു ജയിലിലും ഉണ്ട്.
ഇത്തരത്തിൽ എല്ലാ വിഭാഗത്തിലുള്ള ആൾക്കാരും കുറച്ചൊന്നു ശ്രദ്ധിച്ചും യുഎഇ നിയമങ്ങൾ അറിഞ്ഞും ജീവിച്ചാൽ ഒരിക്കലും വീസ ഇല്ലാതെയോ ജോലിയില്ലാതെയോ തുടരേണ്ടി വരില്ല.
വിവിധ രാജ്യങ്ങളിൽ നിന്നും യുഎയിലേയ്ക്ക് വരുന്നവർ ഈ രാജ്യത്തെ നിയമങ്ങൾ ശരിയായി മനസ്സിലാക്കി ജീവിച്ചാൽ യാതൊരു കുഴപ്പവുമുണ്ടാകില്ല. സന്ദർശക വീസയിൽ ഉള്ളവർ കാലാവധിക്കകം ജോലിയായില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോവുകയോ വീസ പുതുക്കുകയോ ചെയ്യണം. ഇതുവഴി ഒരു പരിധിവരെ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. അതുപോലെ ബിസിനസ് ചെയ്യാനോ നാട്ടിൽ വീട് വയ്ക്കാനോ ബാങ്ക് വായ്പ എടുക്കുന്നവർ ഏതെങ്കിലും വിധത്തിൽ അടയ്ക്കാൻ സാധിക്കാതെ വന്നാലുള്ള ഭവിഷ്യത്ത് കൂടി ആദ്യം മനസ്സിലാക്കണം. ഇതനുസരിച്ച് വേണം ലോൺ തുക നിശ്ചയിക്കാൻ. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ എന്തുചെയ്യുമെന്ന പ്രധാന കാര്യം കൂടി ആലോചിക്കണം. ലോണോ ക്രെഡിറ്റ് കാർഡോ എടുക്കുന്നവർ ‘ജോബ് ലോസ് ഇൻഷുറൻസ്’ നിർബന്ധമായും എടുക്കുക. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് നീങ്ങിയാൽ യുഎഇയിലെ നിയമക്കുടുക്കിൽ നിന്ന് രക്ഷനേടാൻ സാധിക്കും.
യുഎഇയിലേയ്ക്ക് പുറപ്പെടുന്നവർക്ക് ബോധവത്കരണം
ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ എനിക്ക് പറയാനുള്ളത് യുഎഇയിലേക്ക് വരുന്ന വിസിറ്റ്, എംപ്ലോയ്മെന്റ് വീസക്കാർക്ക് ഇന്ത്യൻ ഗവർമെന്റ് ഇവിടുത്തെ നിയമങ്ങളെപ്പറ്റി ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണ്. അങ്ങനെ മാത്രമേ നമുക്ക് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
മാഡം, എനിക്ക് ഔട്ട്പാസ് കിട്ടി, എന്റെ വീസ ശരിയായി
ഈ പൊതുമാപ്പ് കാലയളവിൽ പരിചയപ്പെട്ടവരിൽ ഏറെപ്പേർ ആറ് മുതൽ 18 വർഷം വരെയായി നാട്ടിൽ പോകാത്തവരാണ്. ഇവരിൽ ചിലർ ഔട്ട്‌പോസ് കയ്യിൽ കിട്ടിയപ്പോഴും അതുപോലെ പുതിയ വീസ അടിച്ചു പദവി ശരിയാക്കിയപ്പോഴും സന്തോഷാധിക്യത്താൽ എന്നെ വിളിച്ചു പറഞ്ഞ വാക്കുകൾ വിവരിക്കാൻ സാധിക്കുകയില്ല. എല്ലാം കഴിഞ്ഞു, എല്ലാം നശിച്ചു എന്ന് കരുതിയ ആൾക്കാർ പുതുജീവിതത്തിന്റെ പുത്തൻ ഉണർവോടെ യുഎഇ ഗവൺമെന്റിന് നന്ദി രേഖപ്പെടുത്തുന്നു.
പലരും നാട്ടിലേയ്ക്ക് തിരിച്ചു പോയത്, വീണ്ടും ഇങ്ങോട്ട് തന്നെ വന്നു പുതിയ ജോലിയിൽ പ്രവേശിക്കാമെന്നും ബിസിനസ് തുടങ്ങാം എന്നുമുള്ള ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും കൂടിയാണ്. എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടുണ്ടെങ്കിലും പിന്നെയും തിരിച്ചു വരാനും എല്ലാം ആദ്യം തൊട്ടു തുടങ്ങാനുമുള്ള മനോധൈര്യം ഈ രാജ്യത്തിന്റെ ഗവൺമെന്റിനോടുള്ള വിശ്വാസം ഒന്നു മാത്രമാണ്.
കാലങ്ങളായി വീസയും ജോലിയുമില്ലാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് യുഎഇയിൽ അനധികൃതമായി കഴിഞ്ഞിരുന്ന അനേകം പേർ പുതിയ ജോലിയും ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ടിറങ്ങുന്നു. ജീവിതത്തിന്റെ മോശം സമയം അവരെ പഠിപ്പിച്ച പുതിയ പാഠം ഉൾക്കൊണ്ട് പൂർവാധികം ശക്തിയോടെ ബിസിനസ്സിലും ജോലിയിലും അവരവരുടെ മികവ് തെളിയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങുന്നു.
ക്രൈം റേറ്റും നിമയപ്രശ്നങ്ങളും കുറയുന്നു
ജോലിയും വീസയും ഇല്ലാതെയും ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടു നേരിടുന്ന ആൾക്കാരാണ് ഒരിക്കലും പ്രതീക്ഷിക്കാതെ പലപ്പോഴും കുറ്റകൃത്യങ്ങളിൽ ചെന്നു ചാടുന്നത്. ഭക്ഷണത്തിനും താമസ സൗകര്യത്തിനും വീട്ടുകാർക്ക് അയക്കാനുള്ള പണത്തിനും വേണ്ടി പലപ്പോഴും തെറ്റെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നു. ഇത്തരക്കാരുടെ ദുരവസ്ഥ മനസ്സിലാക്കി അവരെ ചതിക്കുഴിയിലേയ്ക്ക് തള്ളിവിടുന്നവർ ഏറെയുണ്ട്. അനധികൃതമായ മദ്യവിൽപന, അറിഞ്ഞോ അറിയാതെയോ ലഹരിമരുന്ന് വിതരണത്തിൽ ഉൾപ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഇവരെയെല്ലാം ഈ മേഖലകളിലെ മാഫിയ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും ദയനീയമായി തോന്നിയിട്ടുള്ളത് ജോലിയില്ലാതെ ഇവിടെ പെട്ടുപോയ സ്ത്രീകളുടെ അവസ്ഥയാണ്. അവർ പലരീതിയിലും ചൂഷണം ചെയ്യപ്പെടുന്ന. ബിസിനസോ ജോലിയോ നഷ്ടപ്പെട്ട് ബാങ്ക് വായ്പ, ക്രെഡിറ്റ് കാർഡ് കെണിയിൽപ്പെട്ട് ജയിലിലകപ്പെട്ടവരുടെ ഭാര്യമാരും കുട്ടികളുമാണ് ഇവരിലേറെയും. ഇതിൽ പലരുടെയും അവസ്ഥ എന്തെന്നാൽ, അവർ ഈ കമ്പനിയുടെ പാർട്ണറോ മാനേജറോ ആയിരിക്കും. അപ്പോൾ കമ്പനിയുടെ ബാധ്യതകൾ തീർക്കാതെ അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും സാധ്യമല്ല. കുട്ടികൾ വിദ്യാഭ്യാസം പോലും ഇല്ലാതെ ഇവിടെ കഴിഞ്ഞു കൂടുന്നു. അതിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. ഭക്ഷണം കഴിച്ചില്ലെങ്കിലും മക്കളെ സ്കൂളിൽ വിട്ടില്ലെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അഭിമാനം നഷ്ടപ്പെടുത്താതെ ആരെയും ഒന്നും അറിയിക്കാതെ കഴിഞ്ഞുകൂടുന്നവരും കുറവല്ല.
ഇതിൽ ഭൂരിപക്ഷം ആൾക്കാരുടെയും പ്രശ്നങ്ങൾ പൊതുമാപ്പു വഴി തീരുന്നതോടെ ക്രിമിനൽ കേസിന്റെയും സിവിൽ കേസിന്റെയും ഫ്രോഡ് ആൻഡ് ചീറ്റിങ് കേസുകളുടെയും എണ്ണത്തിൽ കാര്യമായ മാറ്റം വരും. ഒരു ലീഗൽ അഡ്വൈസർ ആയ ഞാൻ മനസ്സിലാക്കുന്നത്, യുഎഇയിൽ ചുരുക്കം പേരൊഴിച്ച് ബാക്കിയെല്ലാവരും നിയമക്കുരുക്കിൽ പെടുന്നതും കുറ്റവാളികളാകുന്നതും സാഹചര്യ സമ്മർദ്ദം മൂലം മാത്രമാണെന്നാണ്. തൊഴിലോ താമസ സൗകര്യമോ ഇല്ലാതെ ഈ രാജ്യത്ത് നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ പല സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണ് പലരും ഇന്ന് ജയിലഴികളെണ്ണിക്കഴിയുന്നത്.
ഇന്ത്യക്കാർക്ക് അധികവുമുള്ള കേസ് സാമ്പത്തിക കുറ്റകൃത്യങ്ങളുടേതാണ്. ജോലിയോ ബിസിനസോ ഉണ്ടെങ്കിലും ഭൂരിഭാഗം സാധാരണക്കാരും ക്രെഡിറ്റ് കാർഡിന്റെയോ, ചെക്ക് ബോൺസിന്റെയോ സിവിൽ കേസുകൾ തവണകളായി അടച്ച് കേസുകൾ ക്ലിയർ ചെയ്യുന്നു.
സന്തോഷത്തോടെ മടങ്ങുന്ന ഇന്ത്യക്കാർ
ഏതായാലും ഇന്ത്യക്കാരടക്കം യുഎഇയിലെ ഇരുനൂറോളം രാജ്യക്കാരുടെ സന്തോഷവും സമാധാനവും ഈ പൊതുമാപ്പിലൂടെ എല്ലാവരും കണ്ടു. മക്കളെ കാണാത്ത പിതാക്കന്മാർക്കും അമ്മയെയും അച്ഛനെയും കാണാത്ത മക്കൾക്കും സന്തോഷത്തിന്റെ മാസങ്ങളാണ് കടന്നുപോയത്.
അവസാനമായി ഒരു പ്രധാന കാര്യം കൂടി, ഇത്രയും വലിയൊരു ആനുകൂല്യം ലഭിച്ചിട്ടും ഇതുവരെ വീസാ പദവി ശരിയാക്കാനോ നാട്ടിലേയ്ക്ക് മടങ്ങാനോ സാധിക്കാത്തവരുടെ ശ്രദ്ധയ്ക്ക്:
യുഎഇ ഗവൺമെന്റ് അനുവദിച്ച സമയം കഴിഞ്ഞാൽ പിന്നെ നിയമലംഘകരായി ഇവിടെ തുടർന്നാൽ ശിക്ഷ വളരെ കഠിനമായിരിക്കും. എന്തെങ്കിലും കേസുകൾ ഉള്ള ആൾക്കാർ ഒഴിച്ച് ആരെങ്കിലും യുഎഇയിൽ വീസയില്ലാതെ താമസിച്ചു പിടിക്കപ്പെട്ടാൽ ശിക്ഷയും പിഴയും നാടുകടത്തലുമുണ്ടാകും. അവർക്ക് പിന്നീടൊരിക്കലും യുഎഇ സ്വപ്നം കാണാൻ പോലും കഴിയില്ല. അനധികൃത താമസക്കാർക്കെതിരെ അധികൃതർ പരിശോധന വളരെ കർശനമാക്കും എന്നാണ് ആവർത്തിച്ച് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ ആനുകൂല്യങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു. അതിന് ഇന്ന് ഒരു ദിവസം കൂടി ബാക്കിയുണ്ട്.
നിയമലംഘകരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷം നവംബർ 1 മുതൽ അനധികൃത താമസക്കാരെ നിയമിച്ചാൽ തൊഴിലുടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായി സഹകരിച്ച് പരിശോധനകൾ നടത്തും. പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്നവരെ ജോലിക്ക് നിയോഗിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു