നിസ്കരിച്ചതിന്‍റെ പേരിൽ ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അഞ്ച് വിദേശ വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി പരാതി. ഇവർ സ്വന്തം മുറിക്കുള്ളിൽ നിസ്കരിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം.
ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവർ മുറിക്കുള്ളിൽ നിസ്കരിക്കുന്ന സമയത്ത് പുറത്തുനിന്നെത്തിയ ആൾക്കൂട്ടം പ്രതിഷേധം ഉയർത്തുകയും ”ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ച് ആക്രമിക്കുകയുമായിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിന്‍റെ എ ബ്ലോക്കിലാണ് സംഭവം. ഈ ബ്ലോക്കിലാണ് വിദേശ വിദ്യാർഥികൾക്ക് താമസ സൗകര്യം നൽകിയിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അക്രമികളെ ഉടൻ പിടികൂടുമെന്നും അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മീഷണർ നീരജ് കുമാർ ബദ്ഗുജാർ പറഞ്ഞു.