ഖത്തറിൽ സ്വകാര്യ ആരോഗ്യകേന്ദ്രത്തിനെതിരെ നടപടി

ദോഹ: ആരോഗ്യ സുരക്ഷ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് താൽകാലികമായി അടക്കാൻ നിർദേശിച്ചത്.
സ്ഥാപനത്തിൽ മെഡിക്കൽ ഡയറക്ടറില്ലാത്തതും മതിയായ എണ്ണം ആരോഗ്യ വിദഗ്ധരില്ലാതെ പ്രവർത്തിച്ചതും കണ്ടെത്തിയ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. ആവശ്യമായ ലൈസൻസും ഔദ്യോഗിക അംഗീകാരങ്ങളും നേടുന്നതിന് മുമ്പ് തന്നെ രോഗികൾക്കും ഇടപാടുകാർക്കും സേവനങ്ങൾ നൽകിയിരുന്നതായി രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തി.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടി ഒഴിവാക്കുന്നതിനും രാജ്യത്തെ എല്ലാ ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു.