40 വർഷത്തെ പ്രവാസ ജീവിതം ; ചികിത്സക്കായി നാട്ടിലെത്തിയ മലയാളി മരിച്ചു

റിയാദ്: ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു. നാലു പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായ തിരുവനന്തപുരം സ്വദേശി നാട്ടിൽ ചികിത്സക്കിടെ നിര്യാതനായി. ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഹൃദായാഘാതം മൂലം ഞായറാഴ്ച വൈകീട്ട് മരിച്ചത്. യാംബുവിൽ വർഷങ്ങളായി എയർ കണ്ടീഷൻ, റഫ്രിജറേറ്റർ എന്നിവയുടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റുഖിയയും മക്കളായ നസീർ, റിയാസ്, ഫാഇസ് എന്നിവരും ദീർഘകാലമായി യാംബുവിൽ ഉണ്ടായിരുന്നു. ഏക മകൾ നാദിയ ഭർത്താവ് നൗഷാദിനൊപ്പം ജിദ്ദയിലാണ്. ഫാത്തിമ, മുംതാസ് എന്നിവർ മരുമക്കളാണ്.