ശ്വാസകോശ അണുബാധ: മുൻ രാഷ്‌ട്രപതി പ്രതിഭാപാട്ടീൽ ആശുപത്രിയിൽ
ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസകോശത്തിലെ അണുബാധയും മൂലമാണ് കഴിഞ്ഞദിവസം പ്രതിഭ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ വനിത രാഷ്‌ട്രപതിയായ പ്രതിഭ പാട്ടീലിന് 89 വയസ്സുണ്ട്.
ശ്വാസകോശത്തിൽ അണുബാധയും പനിയും ബാധിച്ചതിനെ തുടർന്ന് പൂനെയിലുള്ള ഭാരതി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിഭ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗമായ പ്രതിഭ ഇന്ത്യയുടെ രാഷ്‌ട്രപതിയായി 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
2004 മുതൽ 2007 വരെ രാജസ്ഥാന്റെ ഗവർണർ പദവിയും അലങ്കരിച്ചിട്ടുണ്ട്. 1991 മുതൽ 1996 വരെ ലോക്സഭാ അംഗവും കൂടിയായിരുന്നു പ്രതിഭ പാട്ടീൽ. 1962ൽ തന്റെ ഇരുപത്തിയേഴാം വയസിലാണ് പ്രതിഭ പാട്ടീൽ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 1967 മുതൽ 78 വരെയും 1980 മുതൽ 1985 വരെയും മഹാരാഷ്‌ട്ര സർക്കാരിലെ ക്യാബിനറ്റ് വകുപ്പ് മന്ത്രി കൂടിയായിരുന്നു പ്രതിഭ.
1986 മുതൽ 88 വരെ രാജ്യസഭാ ഉപാധ്യക്ഷയായി പ്രവർത്തിച്ച പ്രതിഭ 1985 മുതൽ 1990 വരെ മഹാരാഷ്‌ട്രയിൽ നിന്നുള്ള രാജ്യസഭാംഗവും ആയിരുന്നു. മഹാരാഷ്‌ട്ര പിസിസിയുടെ പ്രസിഡണ്ടായി 1988- 89 വരെയുള്ള കാലയളവിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ജൽഗണിലെ എം ജെ കോളേജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ പ്രതിഭ ജാൽഗൺ ജില്ലാ കോടതിയിൽ അഭിഭാഷകയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.