ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവനന്തപുരം: ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. യുവതി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടൊപ്പം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ഈ വീട്ടില്‍ താമസമുണ്ടായിരുന്നു.

11 മാസം മുന്‍പാണ് ലക്ഷ്മിയും ഓട്ടോ ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. ചെമ്പകമംഗലത്തെ സായ്‌റാം കോളേജിലെ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. ഗര്‍ഭിണിയായതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായി പറയുന്നുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ യുവതി ആവശ്യപ്പെട്ടിട്ടും ഭര്‍തൃവീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് വര്‍ക്കല എ.എസ്.പിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് പരിശോധന നടന്നു. കടയ്‌ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിശദമായ അന്വേഷണത്തിലേ കൂടുതല്‍വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *