പിആർ മേനോൻ – മരണം വരെ റെയിൽവേ ജീവനക്കാരുടെ രക്ഷകനായി നിന്ന നേതാവ്

0

 

അനിൽ പ്രകാശ് ,
നെരൂൾ -ഉൾവെ

ആറ് പതിറ്റാണ്ടിലധികം കാലം ലക്ഷകണക്കിന് റയിൽവെ തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും സഹിച്ച് സ്വന്തം ജീവിതം അദ്ധ്വാനിക്കുന്ന വർഗ്ഗത്തിനു വേണ്ടി ഉഴിഞ്ഞു വച്ച നിസ്വാർത്ഥനും സ്നേഹ നിധിയുമായ, ഏവർക്കും കോമ്രേഡായ സഖാവ് പി. ആർ മേനോൻ വിട്ടു പിരിഞ്ഞിട്ട് ഡിസംബർ 5ന് പത്ത് വർഷം പൂർത്തിയാകുകയാണ് .വിട്ട് പിരിഞ്ഞിട്ടും സഖാക്കൾക്കും സംഘടനാപരമായ എതിരാളികൾക്ക് പോലും കർമ്മ രംഗത്ത് ഹൃദയത്തിൽ ഊർജ്ജമായ് നവ തേജസായി എപ്പോഴും ഒരു വഴികാട്ടിയായി സ: പി.ആർ മേനോന്റെ സ്‌മരണകൾ കൂടെയുണ്ട് .ജീവിച്ചിരിക്കുന്ന കാലത്ത് അത്ര തീക്ഷ് ണവും ഊർജ്ജ്സ്വലവുമായിരുന്നു റെയിൽവേ ജീവനക്കാർക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ . മറുഭാഷക്കാർക്കും സമാരാധ്യനായ് മാറിയ മറ്റൊരു മലയാളി നേതാവ് മുംബയ്ൽ അപൂർവ്വം. റെയിൽവേ തൊഴിലാളികളുടെ മുതിർന്ന നേതാവ് 81-ആം വയസ്സിൽ 2014 ഡിസംബർ 5-നാണ് മുംബൈയിൽ വച്ച് വിടപറയുന്നത് . നാഷണൽ റെയിൽവേ മസ്ദൂർ യൂണിയൻ്റെ (NRMU) ചോദ്യം ചെയ്യപ്പെടാത്ത നേതാവ്. മൂന്നരപതിറ്റാണ്ടോളം യൂണിയൻ്റെ ജനറൽ സെക്രട്ടറിയായുംപിന്നീട് പ്രസിഡന്റായും പ്രവർത്തിച്ചു . ‘ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ്റെ (എഐആർഎഫ്)’ വൈസ് പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ചു.റെയിൽവേ ജീവനക്കാരെ സ്വന്തം കുടുംബമായി മാത്രം കണ്ട ജീവിതത്തിൽ എന്നും ലാളിത്യം കാത്തുസൂക്ഷിച്ച വ്യക്തിത്വം .

1933 ഏപ്രിൽ 15 ന് കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ജന്മനാട്ടിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ശേഷം സെൻട്രൽ റെയിൽവേയിൽ വാണിജ്യ ക്ലാർക്കായി മുംബൈയിൽ ജോലിയിൽ പ്രവേശിച്ചു. ഡി എസ് വൈദ്യ, ജി എച്ച് കാലെ തുടങ്ങിയ മുതിർന്ന നേതാക്കളുടെ മാർഗനിർദേശപ്രകാരം അദ്ദേഹം മുംബൈയിൽ നാഷണൽ റെയിൽവേ മസ്ദൂർ യൂണിയനിൽ (എൻആർഎംയു) ചേർന്നു. യൂണിയനിൽ സജീവമായി . 1960, 1968 ലും നടന്ന പണിമുടക്കിൽ പങ്കെടുത്ത കാരണത്താൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് വിദൂര പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. 1960-ൽ അദ്ദേഹം മറ്റൊരു റെയിൽവേ തൊഴിലാളിയായ സി രാധാകൃഷ്ണനെ കണ്ടുമുട്ടി .അവരുടെ സംഘം അടുത്ത അരനൂറ്റാണ്ട് സെൻട്രൽ റെയിൽവേയിലെ റെയിൽവേ തൊഴിലാളി പ്രസ്ഥാനത്തെ ഫലപ്രദമായി നയിച്ചു. 1969-ൽ മുപ്പത്തിയാറാം വയസ്സിൽ പി ആർ മേനോൻ രഹസ്യവോട്ടെടുപ്പിൽ എൻആർഎംയു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

എഴുപതുകളുടെ ആരംഭം ഇന്ത്യൻ ചരിത്രത്തിലെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു, പിന്നീട് ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായ വമ്പിച്ച ജനകീയ സമരങ്ങൾ. 1974 മെയ് എട്ടിന് ആരംഭിച്ച മഹത്തായതും ചരിത്രപരവുമായ അഖിലേന്ത്യാ റെയിൽവേ തൊഴിലാളി സമരത്തിൻ്റെ കാലഘട്ടം കൂടിയായിരുന്നു അത്. മെയ് 27 വരെ 20 ദിവസം നീണ്ടുനിന്ന ആ പണിമുടക്കിൻ്റെ മുൻനിരയിൽ പി ആർ മേനോനും ഉണ്ടായിരുന്നു. 1974-ലെ റെയിൽവേ ജീവനക്കാരുടെ പണിമുടക്ക് അടിച്ചമർത്താൻ ഉപയോഗിച്ച തരത്തിലുള്ള കടുത്ത ഭരണകൂട അടിച്ചമർത്തൽ സ്വതന്ത്ര ഇന്ത്യയിൽ മറ്റൊരു തൊഴിലാളിവർഗ സമരവും നേരിടേണ്ടിവന്നിട്ടില്ല.. അന്നത്തെ ഭരണകൂട അടിച്ചമർത്തലിൽ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ശാരീരികമായി ആക്രമിക്കപ്പെട്ടു. ജോലിയിൽ നിന്ന് പിരിച്ചുവിട ലും സസ്പെൻഡ് ചെയ്യപ്പെടുകയോ അല്ലെങ്കിൽ സർവീസ് ബ്രേക്കാക്കുകയോ ചെയ്യപ്പെട്ടു. . സഹപ്രവർത്തകരോടൊപ്പം മേനോനും അതിന്റെ ഇരയായി അറസ്റ്റുചെയ്യപ്പെടുകയും സർവീസിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തു.മേനോൻ ഉൾപ്പെടെയുള്ളവർ മൂന്നര വർഷത്തെ പിരിച്ചുവിടൽ കാലയളവിനുശേഷം റെയിൽവേ സർവീസിൽ പുനഃസ്ഥാപിക്കപ്പെട്ടു. 1980-ൽ പി ആർ മേനോൻ്റെ നേതൃത്വത്തിലുള്ള പാനൽ എൻആർഎംയു കോൺഫറൻസ് തിരഞ്ഞെടുപ്പിൽ ജോർജ്ജ് ഫെർണാണ്ടസിൻ്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജയപ്പെടുത്തി, മേനോൻ ആദ്യമായി എൻആർഎംയു ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ അദ്ദേഹം സ്ഥാനമൊഴിയുന്നതുവരെ അടുത്ത 33 വർഷത്തേക്ക് വലിയ ബഹുജന പിന്തുണയോടെ അദ്ദേഹം സ്ഥാനം നിലനിർത്തി.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എൻആർഎംയു എല്ലാ മേഖലകളിലും കൂടുതൽ ശക്തമായി. റെയിൽവേ ജീവനക്കാരുടെ നിരവധി വമ്പിച്ച സമരങ്ങൾ വിജയത്തിൽ കലാശിച്ചു. ആയിരക്കണക്കിന് താത്കാലിക തൊഴിലാളികൾ, അപ്രൻ്റീസുകൾ, വെണ്ടർമാർ, കാറ്ററിംഗ് ജീവനക്കാർ തുടങ്ങിയവരെ സ്ഥിരപ്പെടുത്തി. 2003-ൽ മേനോൻ മുൻകൈയെടുത്ത് ‘റെയിൽ തെക്ക മസ്ദൂർ യൂണിയൻ’ (ആർടിഎംയു) തുടങ്ങി.

ആയിരക്കണക്കിന് കരാർ തൊഴിലാളികൾ അന്ന് വലിയ ചൂഷണത്തിന് വിധേയരായിരുന്നു. മിനിമം വേതനം, ശമ്പള സ്ലിപ്പുകൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, മറ്റ് സാമൂഹിക സുരക്ഷാ നടപടികൾ തുടങ്ങിയ ആവശ്യങ്ങൾ ഈ തൊഴിലാളികൾ നേടിയെടുത്തത് മേനോന്റെ നേതൃത്തിലുള്ള RTMU ബാനറിന് കീഴിലുള്ള അവരുടെ ഐക്യവും സമരവുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ശാഖകൾ മുതൽ ആസ്ഥാനം വരെ യൂണിയൻ്റെ എല്ലാ തലങ്ങളിലും വനിതാ പ്രതിനിധികൾക്കായി എൻആർഎംയു ഭരണഘടന ഭേദഗതി ചെയ്തു. യൂണിയൻ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ഇത് വലിയതും സ്വാഗതാർഹവുമായ സ്വാധീനം ചെലുത്തി.അതുപോലെ, എല്ലാ വർഷവും യൂണിയൻ സ്ത്രീ തൊഴിലാളികൾക്കും എസ്‌സി / എസ്‌ടി, ന്യൂനപക്ഷ വിഭാഗങ്ങളായ റെയിൽവേ തൊഴിലാളികൾക്കുമായി നിരവധി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2007 ലും 2013 ലും രാജ്യത്തുടനീളം നടന്ന രഹസ്യ ബാലറ്റിലൂടെ റെയിൽവേ യൂണിയനുകളുടെ അംഗീകാരത്തിനായി നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും NRMU ഒന്നാമതെത്തി വിജയിച്ചു. അതുപോലെ, സെൻട്രൽ റെയിൽവേയിലെ റെയിൽവേ തൊഴിലാളികളുടെ വലിയതും സുതാര്യമായി കൈകാര്യം ചെയ്യുന്നതുമായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ എൻആർഎംയു പതിവായി വിജയിച്ചു. ഈ വിജയങ്ങളെല്ലാം പി ആർ മേനോനും സി രാധാകൃഷ്ണനും വൈ ജി ജോഷിയും മറ്റ് നേതാക്കളും ചേർന്ന് രൂപപ്പെടുത്തിയ NRMU ടീം നടത്തിയ സമർപ്പണ പ്രവർത്തനത്തിൻ്റെ ഫലമാണ്. ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച മുതലായ പ്രകൃതി ദുരന്തങ്ങളാലും മനുഷ്യനിർമിത ദുരന്തങ്ങളാലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ റെയിൽവേ ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും NRMU സമാഹരിച്ച അക്ഷരാർത്ഥത്തിൽ കോടിക്കണക്കിന് രൂപയുടെ സഹായം ശരിക്കും ഒരു ഐതിഹാസിക കഥയാണ്. നിസ്വാർത്ഥമായ സേവനപ്രവർത്തനത്തിൻ്റെ ഉത്തമ മാതൃകയാണ് പിആർ മേനോൻ. അദ്ദേഹത്തിൻ്റെ സ്മരണകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 

ഇന്നലെ മധ്യറെയിൽവേയിലെ ദിവ സ്റ്റേഷൻ പരിസരത്തുള്ള നാഗനാഥ് മന്ദിറിനും സ്വപ്നസാഗർ ബംഗ്ലാവിനും സമീപത്തു വച്ച് സമുചിതമായ് പി.ആർ. മേനോൻ്റെ പതതാം ചരമവാർഷികം ആചരിച്ചു.
പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഭിവാദ്യങ്ങൾ അർപ്പിക്കുവാനെത്തിയ നൂറു കണക്കിന് ആളുകൾ പുഷ്പാഞ്ജലി അർപ്പിച്ചു . തുടർന്നു നടന്ന പൊതുയോഗത്തിൽ ചിന്താമൺ ഭോയിർ അദ്ധ്യക്ഷത വഹിച്ചു.പി.ആർ. മേനോന്റെ മകൾ ലത മേനോൻ പങ്കെടുത്ത ചടങ്ങിൽ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവ്ളെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്, ജോർജ്ജ് ഫെർണാണ്ടസിനെപ്പോലും യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ പി.ആർ മേനോന്റെ ഉന്നതമായ സംഭാവനകളെപ്പറ്റിയും കേന്ദ്ര കമ്മറ്റി അംഗം മറിയം ധവ്ളെ പി.ആർ മേനോന്റെ അഭാവത്തിലുള്ള യൂണിയൻ പ്രവർത്തനങ്ങളിലെ അപചയത്തെപ്പറ്റിയും വിശദമായി സംസാരിച്ചു.പി.ആർ മേനോന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന തൊഴിലാളി നേതാക്കളായ റയിൽവേ പെൻഷനേഴ്സ് അസ്സോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഹരിദാസൻ, എസ്.കെ. ബോസ്, നിഥിൻ പ്രധാൻ, അനിൽ റാവുത്ത്, ജോ ഡി’സൂസ, അരവിന്ദ് മാനെ, ഗാംഗുർഡെ തുടങ്ങിയവർ പി.ആർ. മേനോനൊപ്പമുള്ള യൂണിയൻ അനുഭവങ്ങൾ പങ്കുവച്ചു.അനൂപ്കുമാർ സ്വാഗതം പറയുകയും ബാലാ ഖന്ദാൽക്കർ ചടങ്ങ് നിയന്ത്രിക്കുകയും ചെയ്തു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *