പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം : നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം

0

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും  കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചിരുന്നില്ല.

മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോ​ഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിൻ്റെ കുടുംബത്തെ പോലെ തൻ്റേയും ആഗ്രഹം സത്യംതെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി.

സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകർപ്പിലുള്ളത്. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.

ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾ ജാമ്യവും വേണമെന്നാണ് ജാമ്യം നൽകുന്നതിനുള്ള ഉപാധികൾ. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിലുണ്ട്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *