‘പവർ ബാങ്ക്’ തട്ടിപ്പുകേസിൽ ചൈനീസ് വനിതയ്ക്ക് മടക്കയാത്രയ്ക്ക് അനുമതിയില്ല
ബെംഗളൂരു : വായ്പാ ആപ്പ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നു നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. വിചാരണ പൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ചൈനീസ് വായ്പാ ആപ് ആയ ‘പവർ ബാങ്ക്’ തട്ടിപ്പുകേസിലെ പ്രതി ഹൂ ഷാവേലിനാണ് (42) 80 വയസ്സുള്ള പിതാവിനു സുഖമില്ലെന്നു ചൂണ്ടിക്കാട്ടി ചൈനയിലേക്കു പോകാൻ അനുമതി തേടിയത്. കേരളത്തിലും ഇവർക്കെതിരെ കേസുണ്ട്. നാട്ടിലേക്കു മടങ്ങാൻ കേരള ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്നു വാദിച്ചെങ്കിലും ചൈനയിൽ വിദേശ പൗരൻ കേസിൽ പ്രതിയായാൽ രാജ്യത്തിനു പുറത്തു പോകാനാകുമോ എന്നു ചോദിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസാണിത്. 2017ൽ ഇന്ത്യയിലെത്തിയ ഹൂ ഷാവോലിൻ മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു. ഡിജിറ്റൽ പണമിടപാട് ഗേറ്റ് വേയായ റേസർപേ സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഇരുവർക്കും ജാമ്യം നൽകിയ കോടതി രാജ്യംവിടരുതെന്ന് ഉപാധിവച്ചിരുന്നു.