ഉണ്ണികൃഷ്ണന് പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

റാന്നി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന് പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന് പോറ്റിയെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.അഭിഭാഷകനുമായി സംസാരിക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കോടതി പത്ത് മിനിറ്റ് സമയം അനുവദിച്ചു.
2019ല്‍ ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളും സ്വര്‍ണത്തിലുള്ള കട്ടിളപ്പാളികളും കാണാതായ രണ്ടുകേസുകളിലും ഒന്നാംപ്രതിയായ പോറ്റിയെ വ്യാഴാഴ്ച തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്ത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്.
ദിവസങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന നടക്കുന്നുണ്ട്. രണ്ടുതവണ ശബരിമലയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും നടത്തിയ പരിശോധനകള്‍ക്കും തെളിവുശേഖരണത്തിനും പിന്നാലെയാണ് പോറ്റിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തേ പോറ്റിയെ ദേവസ്വം വിജിലന്‍സും ചോദ്യംചെയ്തിരുന്നു. കട്ടിളപ്പാളിക്കേസില്‍ 2019-ലെ ദേവസ്വംബോര്‍ഡ് പ്രതിപ്പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.
സ്വര്‍ണപ്പാളി തട്ടിപ്പില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പങ്കുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിച്ചതിനൊപ്പം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു ലഭിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് പോറ്റിയെ ചോദ്യംചെയ്തത്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
പോറ്റി അറസ്റ്റിലായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയാകും അടുത്തഘട്ടം. ഒപ്പം ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ബോര്‍ഡ് ഭരണസമിതിയിലേക്കും പോറ്റിയുടെ സഹായി കല്‍പേഷ് തുടങ്ങിയവരിലേക്കും അന്വേഷണം നീളും.
എന്നാല്‍ കല്‍പേഷ് എന്നത് ഒരു സാങ്കല്‍പ്പിക പേരാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ചോദ്യംചെയ്യലില്‍നിന്ന് ലഭ്യമായിട്ടുണ്ട്.