നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം കെ നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരുക്കുകള്‍ ഒന്നും തന്നെ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് അനുമതി തേടിയിരുന്നില്ലെന്ന് ബന്ധു അനില്‍ പി നായര്‍ ആരോപണവുമായി എത്തി. പോസ്റ്റ്മോര്‍ട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടുള്ളൂ എന്നും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് തങ്ങളെ അറിയിച്ചിരുന്നത്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ പോലും സൂക്ഷിച്ചിട്ടില്ല. കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തങ്ങള്‍ക്കുള്ള ആശങ്കകളും സംശയങ്ങളുമാണ് അറിയിച്ചതെന്നും ബന്ധു പ്രതികരിച്ചു.