ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും

റോം: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആശുപത്രി വിടും. ജീവന് തന്നെ ഭീഷണിയായ ന്യൂമോണിയയോട് പൊരുതി 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം വത്തിക്കാനിലേക്ക് പോകുന്നത്. രണ്ട് ശ്വാസകോശങ്ങളിലും അണുബാധ ഉണ്ടായിരുന്നു.88കാരനായ അദ്ദേഹത്തിന് ഡോക്‌ടര്‍മാര്‍ രണ്ട് മാസത്തെ വിശ്രമം വിധിച്ചിരിക്കുകയാണ്. വലിയ യോഗങ്ങളിലോ ആള്‍ക്കൂട്ടങ്ങളിലോ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പോപ്പിനെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന ഡോ.സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ ഇത് പോലെ തുടരുകയാണെങ്കില്‍ അദ്ദേഹത്തിന് തന്‍റെ ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു പോപ്പിന്‍റെ സ്വകാര്യ ഡോക്‌ടര്‍ ഡോ.ലുയ്‌ഗി കാര്‍ബോണ്‍ വ്യക്തമാക്കിയത്.
ഡോക്‌ടര്‍മാര്‍ കഴിഞ്ഞ ദിവസം ജെമേലി ആശുപത്രിയിലെ ഓഡിറ്റോറിയത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഒരുമാസത്തിനിടെ ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഔദ്യോഗിക നീക്കമുണ്ടാകുന്നത് ഇതാദ്യമായാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വീട്ടില്‍ പോകണമെന്ന ആഗ്രഹം പോപ്പ് പ്രകടിപ്പിച്ചിരുന്നു. നന്നായി ശ്വസിക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫെബ്രുവരി പതിനാലിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്‌തിരുന്നു.
പോപ്പിന് ഇപ്പോഴും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുകയും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ശ്വസിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അല്‍ഫെയ്‌രി വ്യക്തമാക്കി.
നിങ്ങളുടെ രണ്ട് ശ്വാസകോശങ്ങളെയും ന്യൂമോണിയ ബാധിച്ചാല്‍ അത് അവയെ നശിപ്പിക്കുയും ശ്വസനത്തിന് സഹായിക്കുന്ന പേശികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശബ്‌ദവും നഷ്‌ടമാകാം. പഴയത് പോലെയാകാന്‍ സമയമെടുക്കുമെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
പോപ്പ് ദീര്‍ഘകാലമായി ശ്വാസ കോശ രോഗ ബാധിതനാണ്. യുവായിരിക്കെ തന്നെ അദ്ദേഹത്തിന്‍റെ ഒരു ശ്വസകോശം നീക്കിയിരുന്നു. പോപ്പിന് സങ്കീര്‍ണമായ ബാക്‌ടീരിയ, വൈറസ്, ഫംഗല്‍ അണുബാധകളുണ്ടായിരുന്നു. വിളര്‍ച്ചയും ഉണ്ട്. രക്തത്തില്‍ ശ്വേതരക്താണുക്കളും കുറഞ്ഞു. വൃക്കകള്‍ക്കും ക്ഷയമുണ്ടായി. രണ്ട് തവണ രക്തം മാറ്റിയാണ് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്.ഫെബ്രുവരി 28ന് കാര്യങ്ങള്‍ അതിസങ്കീര്‍ണമായി. പോപ്പിന് കടുത്ത ചുമതയും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് യന്ത്ര വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ശ്വാസം മുട്ടലുണ്ടായി. ഇതിനെയെല്ലാം അതിജീവിച്ച് പോപ്പ് ഇപ്പോള്‍ പഴയത് പോലെ ആയിരിക്കുകയാണ്.