പൂരം കലക്കൽ: മുഖ്യമന്ത്രി പറയുന്നത് ഒരേ കാര്യമെന്ന് മന്ത്രി; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ദേവസ്വം

0

തൃശൂർ∙  പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായിട്ടുള്ളതുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് പൂരം കലക്കൽ വീണ്ടും ചർച്ചയാകുന്നു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ വൈരുധ്യമില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോൾ പറയുന്നതും ഒരേ കാര്യങ്ങൾ തന്നെയാണെന്നാണ് ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മന്ത്രി കെ.രാജൻ പ്രതികരിച്ചത്. ത്രിതല അന്വേഷണം നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും അന്വേഷണ റിപ്പോട്ട് വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.  പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിക്കെട്ട് താമസിച്ചുവെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.

അതേസമയം, വിവാദങ്ങളിലേക്ക് ദേവസ്വങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ത്രിതല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിൽ ഇതുവരെ മൊഴിയെടുക്കൽ നടന്നിട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ നേരത്തേ നൽകിയ മൊഴി അന്വേഷണ സംഘത്തിന്റെ പക്കൽ ഉണ്ട്. പൂരം കലക്കാൻ ഗൂഢാലോചന നടന്നു എന്നാണ് ആരോപണം. അതിനാൽ തന്നെ മൊഴിയെടുക്കലിനുപരി ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *