പൂരം അലങ്കോലമാക്കാൻ ദേവസ്വം ഭാരവാഹികൾ ബിജെപിയുമായി ഗൂഡാലോചന നടത്തി
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പൂരം അലങ്കോലമാക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഡാലോചന നടത്തിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്‌കരണ നീക്കം നടത്തിയെന്നും ഗതാഗത നിയന്ത്രണമുള്ളയിടത്തേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലന്‍സിലെത്തിയതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായതായി സത്യവാങ്മൂലത്തില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വത്സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ വഴിയൊരുക്കി, താനിടപ്പെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ സുരേഷ് ഗോപി പ്രചരിപ്പിച്ചു, രാത്രി മഠത്തില്‍ വരവ് സമയത്ത് ഒമ്പത് ആനകള്‍ക്ക് പകരം ഒരാനയായി തിരുവനമ്പാടി ദേവസ്വം ചുരുക്കി തുടങ്ങിയ ആരോപണങ്ങളാണ് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. പൂരം നിര്‍ത്തിവെക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചെന്നും കുടമാറ്റ സമയത്തടക്കം പൊലീസും ജനങ്ങളുമായുണ്ടായ തര്‍ക്കം അസാധാരണമോ അസ്വാഭാവികമോ അല്ലെന്നും എല്ലാ വര്‍ഷവുമുള്ളതാണെന്നും പറയുന്നുണ്ട്.
തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണം തുടങ്ങിയ ശേഷം ഘടക ക്ഷേത്ര സമിതികളുമായി ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ജിക്കാര്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിച്ച് ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.