മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്‍മദിനമാണ് ഇന്ന് (മാര്‍ച്ച് 13)
“കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും”
എന്ന ജ്ഞാനപ്പാനയിലെ വരികള്‍ കണക്കിലെടുത്ത് എല്ലാ വർഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം. ജ്ഞാനപ്പാന മലയാളത്തിന്‍റെ ഭഗവദ്ഗീതയായിട്ടാണ് കരുതപ്പെടുന്നത്.
പൂന്താനം നമ്പൂതിരി ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യതാര്‍ത്ഥപേര് വ്യക്തമല്ല. ദീര്‍ഘനാള്‍ നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില്‍ ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്‍ക്കായി മാറ്റിവെച്ചു.
“ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള് ഇങ്ങനെ ഒരവസരത്തില്‍ ഇത്തരം ഒരു രചന ഒരു ഉത്തമ ഭക്തനല്ലാതെ മറ്റാര്‍ക്ക് സാധ്യമാകും? മേല്പത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു.
തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ സംസ്‌കൃതം പഠിച്ചിട്ട് എഴുതാന്‍ പറഞ്ഞ് മേല്പത്തൂര്‍ അപമാനിച്ചു. തുടര്‍ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില്‍ ഒരു ബാലന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്‍ ചെയ്തതായി ഭക്തര്‍ വിശ്വസിക്കുന്നു. ഗുരുവായൂരപ്പന്ടെ ഈ ഉത്തമ ഭക്തനായ, യശശരീരനായ പൂന്താനം തിരുമേനിക്ക് നമ്മള്‍ സജ്ജനങ്ങള്‍ക്ക്- നമ്മുടെ നന്മ നിറഞ്ഞ മനസ്സുകളിൽ ,എന്നെന്നും ആയുരാരോഗ്യ സൗഖ്യം നേരാം.