പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം
പൂഞ്ഞാറിൽ ഉണ്ടായ അക്രമസംഭവത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫാ ജോസഫ് ആറ്റുചാലിലിനെ മാണി സി കാപ്പൻ എം എൽ എ സന്ദർശിക്കുന്നു.
പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മറ്റു മതങ്ങളെ ആദരവോടെ സമീപിക്കാൻ പൊതുസമൂഹത്തിൽ ഉള്ള ഓരോ വ്യക്തിക്കും കടമയുണ്ട്. തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാകുന്ന രീതിയിൽ തങ്ങളുടെ കോമ്പൗണ്ടിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച നടപടി അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ വൈകാരികമായി ഇടപെടാതെ സമചിത്തതയോടും പക്വതയോടും ഇടപെട്ട പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും പാലാ രൂപതയുടെയും നിലപാട് മാതൃകപരമാണ്. മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കാനുള്ള നടപടികളാണ് പാലാ രൂപത ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടർന്നു ക്രൈസ്തവരിൽ ഉയർന്നിട്ടു ആശങ്കകൾ പരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. ഇതിനായി ഈ സംഭവത്തിൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേന്ദ്ര ഏജൻസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും വൈദികനെ ആക്രമിച്ച സംഭവത്തിലെ കുറ്റക്കാരെ തള്ളിപ്പറയാൻ പൊതുസമൂഹം തയ്യാറാകണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിൻ്റെ പേരിൽ ജനങ്ങൾ തമ്മിൽ വേർതിരിവ് ഉണ്ടാവാൻ പാടില്ലെന്നും കാപ്പൻ പറഞ്ഞു.