പൂക്കിപ്പറമ്പ് ബസ് അപകടം:24 വർഷം പിന്നിടുന്ന ദുരന്ത സ്‌മരണ !

0

കോഴിക്കോട്:രാജ്യത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നിട്ട് ഇന്ന് 24 വർഷം പൂർത്തിയായി. 2001 മാർച്ച് 11നാണ് പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടിരുന്നത്.കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടമാണ് അന്ന് നടന്നത്

അമിത വേഗതയിൽ എത്തിയ ബസ് ദേശീയപാത 17ൽ കോഴിച്ചെനയിലെ ഇറക്കത്തിൽ വച്ച് ഷാഫ്റ്റ് ഒടിഞ്ഞ് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയും തുടർന്ന് മറിയുകയും ചെയ്‌തു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ബസ് പൂർണമായും അഗ്നിക്കിരയാകുകയും ചെയ്‌തു. മാവൂർ സ്വദേശിയായ സിനിമ സീരിയൽ നാടകനടൻ ശ്രീനിലയം മോഹനൻ്റെ കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 44 പേരാണ് അന്ന് വെന്തു മരിച്ചത്.

 

മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ബസ് മറിഞ്ഞ ഉടൻതന്നെ ഡീസൽ ടാങ്കിൽ തീ പിടിച്ചതാണ് ബസ് പൂർണമായി കത്തിനശിക്കാൻ കാരണം. ബസ് മറിഞ്ഞപ്പോൾ ഇരുവശത്തേയും വാതിലുകള്‍ അടിയിൽപെട്ടതോടെ രക്ഷാപ്രവർത്തകർക്ക് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനാകാത്ത സ്ഥിതിയുണ്ടായി.

പൂക്കിപ്പറമ്പ് ബസ് ദുരന്തം കേരളത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. അതിനുശേഷമാണ് എമർജൻസി എക്‌സിറ്റ് ഡോറുകൾ എന്ന ആശയം എല്ലാ ബസുകളിലും നിർബന്ധമാക്കിയത്. കൂടാതെ സ്ത്രീകളുടെ സീറ്റുകൾ ബസിന്‍റെ പിൻഭാഗത്തേക്ക് മാറ്റിയതും അന്നത്തെ അപകടത്തെ തുടർന്നാണ്. പിന്നീട് ഇതിൻ്റെ പ്രയാസം കണക്കിലെടുത്ത് പഴയ നിലയിൽ മുൻഭാഗത്തേക്ക് തന്നെ സ്ത്രീകളുടെ സീറ്റ് മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *