കൗതുകമായി പുങ്കന്നൂർ കാളക്കുട്ടി
പത്തനംതിട്ട : നാട്ടുകാർക്ക് കൗതുകമായി പുങ്കന്നൂര്‍ കാളക്കുട്ടി. ലോകത്തിലെ ഉയരംകുറഞ്ഞ കന്നുകാലികളാണ് പുങ്കന്നൂര്‍. പത്തനംത്തിട്ട സ്വദേശി ചിക്കു നന്ദനയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാളക്കുട്ടിയെ സ്വന്തമാക്കിയത്.
ചിക്കു നന്ദനയുടെ ഏറെ വര്‍ഷത്തെ മോഹമാണ് ഇതോടെ സഫലമായത്. പുങ്കന്നൂര്‍ കാളയ്ക്കായി അലയാത്ത സ്ഥലങ്ങള്‍ ഇല്ല. ഒടുവില്‍ ആ ദിനം വന്നെത്തി. ഒരു സുഹൃത്താണ് ചിക്കു നന്ദനയ്ക്ക് കണ്ണനെന്ന പുങ്കന്നൂര്‍ കാളക്കുട്ടനെ കൈമാറിയത്. രണ്ടര വയസുപ്രായം. രണ്ടര അടിയോളം ഉയരം. മറ്റ് പല മൃഗങ്ങളും ഉണ്ടെങ്കിലും പുങ്കന്നൂര്‍ ഒരു സ്വപ്നം ആയിരുന്നു എന്ന് ഉടമ. മോഹവിലകൊടുത്താണ് കാളക്കുട്ടിയെ വാങ്ങിയത്.
ഉയരം കുറയുന്തോറും പശുവിന്‍റേയും, കാളയുടേയും വിലകൂടും. പ്രത്യേക രീതിയിലാണ് പരിപാലനം. തുറന്നുവിട്ടാല്‍ ഓടിച്ചാടി നടക്കും. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ പുങ്കന്നൂര്‍ ആണ് ദേശം. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍ ഒന്നാണ് പുങ്കന്നൂര്‍ കന്നുകാലികള്‍. പുങ്കന്നൂര്‍ പശുവിന്‍റെ പാലിന്‍റെ ഗുണവും ഏറെയാണ്.
