പൂജ ഖേദ്കറോട് സ്റ്റേഷനിൽ ഹാജരാകാൻ പുണെ പൊലീസിന്റെ നിർദേശം
മുംബൈ : ഐഎഎസ് നേടാൻ വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് അന്വേഷണം നേരിടുന്ന പ്രബേഷനിലുള്ള ഓഫിസർ പൂജ ഖേദ്കറോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പുണെ പൊലീസിന്റെ നിർദേശം. പുണെ ജില്ലാ കലക്ടർക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നൽകിയിരുന്നു. മൊഴിയെടുക്കാനാണ് പൂജയോട് ഹാജരാകാൻ നിർദേശിച്ചത്.പരിശീലനം മതിയാക്കി മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ തിരികെയെത്താൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുണെ ജില്ലാ കലക്ടർക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നൽകിയത്. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പുണെയിൽനിന്നു വിദർഭയിലേക്കു സ്ഥലംമാറ്റിയത്. പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തെന്ന് കലക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. എല്ലിനു ബലക്ഷയം ചൂണ്ടിക്കാട്ടി ശാരീരിക വൈകല്യമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടും പുറത്തുവന്നു. പൂജയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.