പൂജ അവധിക്ക് നാട്ടിലെത്താൻ പാടുപെടും; സ്പെഷൽ ട്രെയിൻ ഇല്ല, കൊച്ചുവേളി– താംബരം ട്രെയിൻ നിർത്തി

0

ചെന്നൈ ∙ നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ തീർന്നിട്ടും ഉത്രാടത്തിന്റെ അന്നും തലേദിവസവുമാണു റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പൂജയ്ക്കും ഇതേ അവസ്ഥ വരുമോയെന്നാണ് ആശങ്ക. അതിനിടെ, നഷ്ടക്കണക്കിന്റെ പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം മലയാളികൾക്ക് ഇരുട്ടടിയായി.

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും 10 മുതലുള്ള ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റും ആർഎസിയുമാണ്. വൈകിട്ട് 7.30നുള്ള തിരുവനന്തപുരം മെയിലിൽ സ്ലീപ്പറിൽ 10ന് വെയ്റ്റ് ലിസ്റ്റ് 176 ആണ്. 11ന് വെയ്റ്റ് ലിസ്റ്റ് 73. തേഡ് എസിയിൽ യഥാക്രമം 82, 28 സെക്കൻഡ് എസിയിൽ 39, 9 എന്നിങ്ങനെയാണു വെയ്റ്റ് ലിസ്റ്റ് നില. വൈകിട്ട് 3.20നുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ സ്ലീപ്പറിൽ 10നു വെയ്റ്റ് ലിസ്റ്റ് 115. 11നു വെയ്റ്റ് ലിസ്റ്റ് 65. തേഡ് എസിയിലും സെക്കൻഡ് എസിയിലും വെയ്റ്റ് ലിസ്റ്റ് തന്നെയാണ്. മംഗളൂരുവിലേക്ക് വൈകിട്ട് 4.20നുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ 10നും 11നും യഥാക്രമം 88, 20 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ്. രാത്രി 8.10നുള്ള മെയിലിൽ സ്ലീപ്പറിൽ 10നും 11നും വെയ്റ്റ് ലിസ്റ്റ് 145, 45 എന്നിങ്ങനെയാണ്. ഈ ട്രെയിനുകളിലെ എസി കോച്ചുകളിലും സമാനമായ സ്ഥിതിയാണ്.

കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ ട്രെയിനുകളിൽ ഓണക്കാലത്തും മാസങ്ങൾക്കു മുൻപു തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. ദിവസേനയുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1.25നാണു വെസ്റ്റ് കോസ്റ്റ് പുറപ്പെടുന്നത്. അതേസമയം, പൂജ അവധിക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്പെഷൽ ട്രെയിനുകൾ അവസാന നിമിഷം പ്രഖ്യാപിക്കുന്നതിനാലാണ് യാത്രക്കാരെ ലഭിക്കാത്തതെന്ന് മലയാളികൾ പറയുന്നു.

താംബരം– കൊച്ചുവേളി എസി സ്പെഷൽ ട്രെയിൻ അവസാനിപ്പിക്കാനുള്ള തീരുമാനം ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. ഓണത്തിനു മുൻപുവരെ ലാഭകരമായി ഓടിയിരുന്ന ട്രെയിനാണു കൊല്ലം, ചെങ്കോട്ട വഴിയുള്ള കൊച്ചുവേളി– താംബരം എസി സ്പെഷൽ. താംബരത്തു നിന്നു വ്യാഴം, ശനി ദിവസങ്ങളിലും തിരികെ വെള്ളി, ഞായർ ദിവസങ്ങളിലുമായിരുന്നു സർവീസ്. തെക്കൻ കേരളത്തിലേക്ക്, പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കുള്ളവർക്ക്, നാട്ടിലെത്താൻ സൗകര്യപ്രദമായ സർവീസായിരുന്നു ഇത്. പാലക്കാട് വഴിയുള്ള ട്രെയിനുകളിൽ തിരക്ക് കൂടുതലായിരുന്നതിനാൽ ബദൽ മാർഗം കൂടിയായിരുന്നു ഈ സർവീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *