പൂജയുടെ കുടുംബത്തിന് ബിജെപി നേതാവ് പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധം
പുണെ : അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പങ്കജ് മുണ്ടെയുടെ കുടുംബം നടത്തുന്ന ‘ഗോപിനാഥ് മുണ്ടെ പ്രതിഷ്‌ഠ’എന്ന സന്നദ്ധ സംഘടനയ്ക്ക് പൂജയുടെ അമ്മ മനോരമ ഖേദ്കർ 12 ലക്ഷം രൂപ സംഭാവന നൽകിയതിന്റെ രേഖകൾ പുറത്തുവന്നു. പൂജ ഖേദ്കറിന്റെ പിതാവും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കറിനും പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഹമ്മദ്‌നഗറിലെ മൊഹ്താദേവി ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തിയ ദിലീപ് ഖേദ്കർ, പങ്കജ് മുണ്ടെയെ ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ നാമനിർദ്ദേശം ചെയ്താൽ ദേവിക്ക് 1.5 കിലോഗ്രാം വെള്ളി കിരീടം നേർച്ചയായി സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബീഡിൽ നിന്ന് പങ്കജ് മുണ്ടെയെ മത്സരിപ്പിച്ചതിന് പിന്നാലെ ദിലീപ് ഖേദ്കർ ദേവിക്ക് വെള്ളി കിരീടം സമർപ്പിക്കുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായി ബീഡ് ഇത്തവണ ശരദ് പവാറിന്റെ എൻസിപി പിടിച്ചെടുത്തിരുന്നു. 6500 വോട്ടുകൾക്കായിരുന്നു ഇവിടെ പങ്കജ് മുണ്ടെ പരാജയപ്പെട്ടത്.
അതിനിടെ, ആഡംബര വസതിയുടെ അതിർത്തിയിൽ പണിത അനധികൃത നിർമിതികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുണെ മുനിസിപ്പൽ കോർപ്പറേഷൻ ഞായറാഴ്ച പൂജയുടെ അമ്മ മനോരമ ഖേദ്കറിന് നോട്ടീസ് നൽകി. അനധികൃത നിർമിതികൾ നീക്കം ചെയ്യാൻ 7 ദിവസത്തെ സമയമാണ് മനോരമ ഖേദ്കറിന് നൽകിയിരിക്കുന്നത്. പുണെയിലെ മുൽഷിയിൽ വച്ച് കർഷകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മനോരമ ഖേദ്കറിനും ഭർത്താവ് ദിലീപിനുമെതിരെ പുണെ പൊലീസ് കേസെടുത്തിരുന്നു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെളിഞ്ഞാൽ പൂജയെ സർവീസിൽനിന്നു പിരിച്ചുവിടുമെന്നാണ് സൂചന. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്, ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്സനൽ മന്ത്രാലയം നിലവിൽ അന്വേഷിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയെന്നാണ് വിഷയത്തിൽ പൂജ ഖേദ്കറുടെ നിലപാട്. താൻ കുറ്റക്കാരിയാണെന്ന തരത്തിലുള്ള മാധ്യമ വിചാരണ തെറ്റാണെന്ന് പ്രതികരിച്ച പൂജ, കുറ്റക്കാരിയെന്നു തെളിയുന്നതുവരെ താൻ നിരപരാധിയാണെന്നും പറഞ്ഞു.